Lead NewsNEWS

ജമാ അത്തെ ഇസ്ലാമി ബന്ധത്തില്‍ കോണ്‍ഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടു: എ.വിജയരാഘവന്‍

തിരുവനന്തപുരം: കേരളത്തില്‍ ജമാ അത്തെ ഇസ്ലാമി ബന്ധത്തില്‍ കോണ്‍ഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഏഴെട്ട് പതിറ്റാണ്ടായി കേരളത്തിലെ മുസ്ലീം സമുദായം അകറ്റി നിര്‍ത്തിയ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും. അവര്‍ക്ക് സ്വീകാര്യത നല്‍കുക, മാന്യത നല്‍കുക, പ്രത്യയശാസ്ത്ര മേഖലയില്‍ അവരുടെ നേതൃത്വം അംഗീകരിക്കുക എന്നിടത്തേക്ക് വഴിമാറിയാണ് യുഡിഎഫ് സഞ്ചരിച്ചത്.

വെല്‍ഫെയര്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് വളരെ അപകടകരമായ സന്ദേശമാണ് യുഡിഎഫ് നല്‍കിയത്. അവര്‍ പ്രതിനിധാനം ചെയ്യുന്നത് അപകടകരമായ പ്രത്യയശാസ്ത്ര പരികല്‍പ്പനകളാണ്. മതമൗലികതാ വാദത്തിലേക്ക് ഒരു വിഭാഗത്തെ കൊണ്ടുപോകുകയാണ്.

വളരെ അപകടകരമായ ഒരു രാഷ്ട്രീയത്തെയാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നത്. കേരളീയ സമൂഹത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കുന്നതാണിത്. അവരോട് തിരഞ്ഞടുപ്പ് സഖ്യം ഉണ്ടാക്കാനാകില്ലെന്ന് മാത്രമല്ല ആശയസമരം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലീഗിനെ സംബന്ധിച്ചിടത്തോളം ഇതവരുടെ നിലനില്‍പ്പാണ്. ലീഗിന് ഇനി നിലനില്‍ക്കണമെങ്കില്‍ തീവ്രമതവല്‍ക്കരണത്തിന് വിധേയരാകണം. അല്ലാതെ അവര്‍ക്ക് നിലനില്‍ക്കാനാകില്ല. എന്നാല്‍ കോണ്‍ഗ്രസ് അവരോടൊപ്പം നില്‍ക്കേണ്ടതുണ്ടോ എന്നും വിജയരാഘവന്‍ ചോദിച്ചു.

ഇന്നത്തെ കോണ്‍ഗ്രസില്‍ നിന്ന് മറിച്ചൊന്നും നമുക്ക് പ്രതീക്ഷിക്കാനാകില്ലെന്നും വ്യക്തമായ കാഴ്ചപ്പാടുള്ള നേതൃത്വമില്ലാതായി എന്നതാണ് തിരഞ്ഞെടുപ്പ് കാണിച്ചു തരുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷ മുന്നണിക്കൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇടതുപക്ഷം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുടെ തനിമയും സര്‍ക്കാരിന്റെ മഹിതമായ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ വിശകലനം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: