സി.എം രവീന്ദ്രന് കിടത്തി ചികിത്സ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനൊരുങ്ങി മെഡിക്കല്‍ ബോര്‍ഡ്
ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കിടത്തി ചികിത്സ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനൊരുങ്ങി മെഡിക്കല്‍ ബോര്‍ഡ്. കോവിഡാനന്തര പ്രയാസങ്ങളെ തുടര്‍ന്നാണ് രവീന്ദ്രനെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്.
നിലവിലെ രവീന്ദ്രന്റെ ചികിത്സ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാവും കിടത്തി ചികിത്സ ആവശ്യമാണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
ഇന്നലെയാണ് രവീന്ദ്രന് വീണ്ടും ചോദ്യ ചെയ്യലിനായി ഇഡിയുടെ നോട്ടീസ് വന്നത്. അതിന് പിന്നാലെ രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇത് മൂന്നാം വട്ടമാണ് ചോദ്യംചെയ്യലിന് തൊട്ടുമുന്‍പ് രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്.
രണ്ടാംതവണയും രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിനു പറഞ്ഞ കാരണം കോവിഡനന്തര ചികിത്സ എന്നായിരുന്നു.ടെലിഫോണ്‍ ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.
ശിവശങ്കറിനും ടീമിനും സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് കോടതി പറഞ്ഞിരുന്നു. ആ ടീം പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആണെന്ന് ഇ ഡി കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി എം രവീന്ദ്രനെ ചോദ്യംചെയ്യുന്നത് നിര്‍ണായകമാകുന്നത്.
അതേസമയം, രവീന്ദ്രന്റെ ആശുപത്രി വാസം ഇഡിക്ക് മുന്നില്‍ ഹാജരാകാതെ ഇരിക്കാനുളള ഒളിച്ചുകളിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.