കൊച്ചി: സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കുന്ന ലെവലില്‍ എത്തിയിട്ട് നടിമാര്‍ തുല്യവേതനം ആവശ്യപ്പെടട്ടെയെന്നും അതില്‍ തെറ്റില്ലെന്നും നടന് ധ്യാന്‍ ശ്രീനിവാസന്. ‘സായാഹ്നവാര്‍ത്തകള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേ, കഴിഞ്ഞ ഏതാനും നാളുകളായി മലയാള സിനിമയില്‍ ഉയരുന്ന തുല്യവേതന ആവശ്യത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു ധ്യാന്‍ ഇത്തരമൊരഭിപ്രായം പ്രകടിപ്പിച്ചത്.
‘ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രിയാണ്. ഇവിടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണ്. എന്നാല്‍ മഞ്ജു ചേച്ചിയുടെ പേരില്‍ ഇവിടെ ബിസിനസ് നടക്കുന്നുണ്ട്. അങ്ങനെ ഒരു ലെവലിലേക്ക് വളരുന്ന ഘട്ടം വരുമ്പോള്‍ അവര്‍ക്ക് തുല്യ വേതനം ആവശ്യപ്പെടാം. അതില്‍ തെറ്റില്ല, എന്നാല്‍ അതിന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കണം.
മലയാളത്തില്‍ അത്തരം നടിമാര്‍ വിരലില്‍ എണ്ണാവുന്നത്ര മാത്രമേയുള്ളു. മഞ്ജു ചേച്ചിക്ക് ഒറ്റയ്ക്ക് ഒരു സിനിമ പുള്‍ ഓഫ് ചെയ്യാന്‍ കഴിയും. അത്തരം നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം’, എന്നായിരുന്നു ധ്യാന്റെ വാക്കുകള്‍.
സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് സ്ത്രീ- പുരുഷ ഭേദമില്ലാതെ തുല്യ വേതനം അര്‍ഹിക്കുന്നുണ്ടെന്ന് നടി അപര്‍ണ ബാലമുരളി മുന്‍പ് പറഞ്ഞിരുന്നു. സിനിമകളിലും നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം. സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങള്‍ക്കു പ്രാധാന്യമുണ്ടാകണമെന്നും അപര്‍ണ പറഞ്ഞിരുന്നു. ഇത് പിന്നീട് ഏറെ ചര്‍ച്ചയാകുകയും ചെയ്തു.