പന്തീരാങ്കാവ്: ദേശീയ കുഴികളും സംസ്ഥാന കുഴികളും തദ്ദേശകുഴികളും മാത്രമല്ല, ജല്‍ജീവന്‍ മിഷന്റെ കുഴികളും യാത്രക്കാരുടെ ജീവനെടുക്കാന്‍ പാകത്തില്‍ സജ്ജം. റോഡിലെ കുഴികളില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ മരിക്കുന്നത് നിത്യ സംഭവമാകുന്ന കേരളത്തില്‍ ഇന്നലെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയത് തലനാരിഴയ്ക്ക്.
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയില്‍ വീണ യാത്രികന്‍ ഇന്നലെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബൈപ്പാസില്‍ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയറോഡില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി എടുത്ത കുഴിയില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം അന്‍സാറിന്റെ ജീവന്‍ രക്ഷപ്പെട്ടെങ്കിലും വാഹനം രണ്ടായി പിളര്‍ന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
കുഴിയില്‍ വീണ് വാഹനത്തിന്റെ ഫോര്‍ക്ക് തകര്‍ന്ന് മുന്‍ചക്രം വേറിട്ടനിലയിലാണ്. അപകടത്തില്‍ മറ്റൊരു ബൈക്കിനും കേടുപാട് പറ്റിയിട്ടുണ്ട്. അസിം അന്‍സാര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. റോഡിനുകുറുകെയുള്ള ഈ കിടങ്ങില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു. സമീപകാലത്ത് പുതുക്കിപ്പണിത റോഡിലാണ് യാത്രക്കാരെ വീഴ്ത്തുന്ന ഈ വാരിക്കുഴി നിലകൊള്ളുന്നത്.
കുടിവെള്ളപദ്ധതിയുടെ പ്രധാന പൈപ്പ് സ്ഥാപിക്കാന്‍ റോഡിനുകുറുകെ പ്രവൃത്തി നടത്തിയ ഭാഗം വലിയ കിടങ്ങായിക്കിടക്കുകയാണ്. ഇതു നികത്താനായി വലിയ കരിങ്കല്ലുകള്‍ ഇട്ടതോടെ കൂടുതല്‍ അപകടാവസ്ഥയായി. സമീപകാലത്ത് മിനി ബസ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുഴികള്‍ അടച്ചിരുന്നു. എന്നാല്‍ മഴ ശക്തമായതോടെ കിടങ്ങിന് ആഴം വര്‍ധിച്ചിരിക്കുകയാണ്.