ജിതേഷ് മംഗലത്ത്
ഏറെ നാളുത്തെ ഇടവേളക്ക് ശേഷമാണ് നടൻ ശ്രീനിവാസൻ ഒരു പൊതുവേദിയിൽ എത്തുന്നത്. ‘മഴവിൽ മനോരമ’യിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടന അമ്മ ഷോയിൽ അതിഥിയായി ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ശ്രീനിയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് ഇതോടെ ആരാധകർക്ക് മനസ്സിലായി.
താരസംഘടനയായ അമ്മയ്ക്ക് ഫണ്ട് സ്വരൂപിക്കാൻ നടത്തുന്ന പരിപാടിയുടെ പ്രൊമോയാണ് ഇപ്പോൾ പുറത്തുവന്നത്. വേദിയിലെത്തിയ തന്റെ ഉറ്റ സുഹൃത്തിനെ ചുംബിച്ചാണ് മോഹൻലാൽ അഭിവാദ്യം ചെയ്യുന്നത്. രമേഷ് പിഷാരടി, ഹണി റോസ്, അജു വർഗീസ് തുടങ്ങി എല്ലാ താരങ്ങളും ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്. സത്യൻ അന്തിക്കാടും മോഹൻലാലും സിദ്ദിഖും ആണ് ശ്രീനിവാസനൊപ്പം വീഡിയോയിൽ വേദിയിൽ ഉള്ളത്.
മോഹൻലാൽ ശ്രീനിവാസൻ സംഗമത്തെക്കുറിച്ച് ജിതേഷ് മംഗലത്ത് എഴുതുന്നു:
ആ ഒരുമ്മ തൊടുന്നത് എന്റെ ബാല്യത്തെയും,കൗമാരത്തെയും തരളമാക്കിയ ഏതൊക്കെയോ ഓർമ്മകളെയാണ്, വിണ്ടു പോയ ഭൂമികകൾ വരണ്ടതാക്കിയ എന്റെ കണ്ണീർ ഗ്രന്ഥികളെയാണ്.
മോഹൻലാൽ എന്ന പേരിനൊപ്പം മറ്റേതൊരു പേരപ്പുറത്തു വരുമ്പോഴും തോന്നാത്ത എക്സ്റ്റസിയാണ് ശ്രീനിവാസനെന്ന് കൂട്ടിച്ചേർക്കുമ്പോൾ. അവർക്കു മാത്രം ബോധ്യമാകുന്ന ശരികളിൽ പെട്ട് അവർ പിരിഞ്ഞുപോയ കൈവഴികളുടെ കരയിൽ നിരാശയുടെ നെടുവീർപ്പുമായി ബാക്കി നിന്നവരായിരുന്നു നമ്മൾ. ഇന്നൊരുമ്മയിൽ തങ്ങൾക്കു നഷ്ടപ്പെട്ട ഒന്നരദശകത്തെ തിരിച്ചുപിടിക്കാൻ സ്ക്രീനിലും, പുറത്തും അതിന്റെയിരട്ടി വർഷങ്ങൾ ആത്മാക്കളൊന്നാക്കിയ രണ്ടു മനുഷ്യർ ശ്രമിക്കുമ്പോൾ അതാഘോഷിക്കാതിരിക്കുന്നതെങ്ങനെ…? കാലം നിശ്ചലമായി നിൽക്കുകയാണാ ചുംബനനിമിഷത്തിനു ചുറ്റും. ഒരുമ്മയ്ക്കെന്തെന്തു കഥകൾ പറയാനുണ്ടാവുമെന്നോ…?
നൂറ്: “മോനേ അപ്പുക്കുട്ടാ, ഞമ്മള് തല ചായ്ക്കുന്നതെവിടാന്നറിയ്യോ?ആ ജ്യൂസ് കടയുടെ പുറകിലൊരു മറയിലുള്ള ഒരു ബെഞ്ചിലാ”
അപ്പുക്കുട്ടൻ:” നല്ല വീതിയുള്ള ബെഞ്ചാണോ?”
‘ (ചന്ദ്രലേഖ)
* * *
ദാസൻ: “ടാ വിജയാ,നീയെവിടായിരുന്നു?”
വിജയൻ:”ഞാനിവിടൊക്കെത്തന്നെ ഉണ്ടായിരുന്നു. മുറിയിൽ പോയപ്പോ ആ പെണ്ണിന്റെയമ്മയെക്കണ്ടു. നിന്റെ കാര്യമൊക്കെയറിഞ്ഞു. നല്ലയാളുകൾക്ക് ഈ ഭൂമിയിലധികം ആയുസ്സില്ലെന്നു കണക്കാക്കിയാൽ മതി…”
ദാസൻ പോക്കറ്റിൽ നിന്ന് കുറച്ചു കാശെടുത്ത് വിജയന് കൊടുക്കുന്നു.
. (നാടോടിക്കാറ്റ്)
* * *
എസ്.ഐ. രാജേന്ദ്രൻ: “പൊതുസ്ഥലത്ത് അടി കൂടിയാലുള്ള ശിക്ഷ എന്താണെന്നറിയാമോ?”
ഗോപാലകൃഷ്ണപണിക്കർ: “പത്തുകൊല്ലം ഒരുമിച്ചു പഠിച്ച കൂട്ടുകാരൻ പരിചയഭാവം പോലും കാണിക്കാത്തതിനേക്കാളും വലിയ ശിക്ഷയുണ്ടോ?”
(സന്മനസ്സുള്ളവർക്ക് സമാധാനം)
* * *
ടോം&ജെറി കളികൾക്കിടയിൽ മോഹൻലാലും,ശ്രീനിവാസനും സമ്മാനിച്ചിട്ടുള്ള പരസ്പരസൗഹൃദത്തിന്റെ തിരത്തിളക്കങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും അസാധാരണമാംവിധം ആഴമേറിയവയായിരുന്നു. പരസ്പരവിരുദ്ധങ്ങളായ ജീവിതദർശനങ്ങൾക്കിടയിലും, സമാന്തരങ്ങളായ യാത്രകൾക്കിടയിലും അവർ കണ്ടെത്തിയിരുന്ന പാരസ്പര്യത്തിന്റെ മേഖലകളിൽ അവരേറ്റവും തീവ്രമായ അടുപ്പത്തിന്റെയടരുകൾ പങ്കുവെക്കുന്നുണ്ടായിരുന്നു എന്നുവേണം കരുതാൻ.
ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ മാധവനും, സേതുവും തമ്മിലുള്ള ബന്ധവും വ്യത്യസ്തമായ പാറ്റേണിലാണ് ശ്രീനി വരച്ചിടുന്നത്. സേതുവിന്റെ നിസ്സഹായതയെ അങ്ങേയറ്റം മനസ്സിലാകുമ്പോഴും മാധവനൊരിക്കലും മറ്റൊരു ശ്രീകൃഷ്ണനാകുന്നില്ല. നിവൃത്തികേടുകൾക്കൊടുവിലും പക്ഷേ അയാൾ സേതുവിനായി നിലകൊള്ളുന്നുണ്ട്.
ചന്ദ്രലേഖയിലെത്തുമ്പോഴും മോഹൻലാലിന്റെ അപ്പുക്കുട്ടന്റെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ശ്രീനിയുടെ നൂറിന്റെ കയ്യിൽ ചെപ്പടിവിദ്യകളൊന്നുമില്ല. ഒറ്റ ബെഞ്ചിൽ കിടക്കുന്നത്ര നിസ്സഹായനാണ് നൂറെങ്കിൽ അതിന്റെ പാതി ചോദിക്കേണ്ടിവരുന്നത്ര നിവൃത്തികേടിന്റെ പാരമ്യതയിലാണ് അപ്പുക്കുട്ടന്റെ നിൽപ്പ്.
ദാസനും, വിജയനും തൊണ്ണൂറുശതമാനം രംഗങ്ങളിലും അന്യോന്യം ചെറുതാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആന്തരികമായൊരടുപ്പം അവരിലിഴ ചേർന്നു നിൽക്കുന്നുണ്ട്. വല്ലാതെ അണ്ടർപ്ലേ ചെയ്തെഴുതിയിട്ടും ദാസന്റെ അമ്മയുടെ മരണവിവരം താനറിഞ്ഞെന്ന് വിജയൻ അയാളോടു പറയുന്ന രംഗത്തിൽ ശ്രീനിയുടെ കയ്യിൽ നിന്ന് വഴുതി, ആ കഥാപാത്രങ്ങൾക്കിടയിലുള്ള സ്നേഹമറിയാതെ വാചാലമായിപ്പോകുന്നുണ്ട് എന്നു വേണം കരുതാൻ. പശുക്കളെ വാങ്ങിയ രാത്രിയിൽ അവരിരുവരും പങ്കുവെക്കുന്ന സ്നേഹത്തിന്റെയാഴത്തോളം സൗഹൃദം മലയാളസിനിമയിൽ മറ്റെങ്ങും ഞാൻ കണ്ടിട്ടില്ല.
‘എടാ വിജയാ’എന്ന് ദാസൻ വിളിക്കുന്നിടത്തും ‘എന്താടാ ദാസാ’എന്ന് വിജയൻ വിളികേൾക്കുന്നിടത്തും അത് സൗഹൃദത്തിന്റെ അനന്യമായ ചിദാകാശം തൊടുന്നുണ്ട്.
ആ ഒരുമ്മ തൊടുന്നത് ചിരിമധുരങ്ങളാൽ കണ്ണീരുപ്പിനെ നേർപ്പിച്ച നിവൃത്തികേടുകളുടെ ഒരു കൊട്ടകക്കാലത്തെയാണ്.
“ദാസാ, നമുക്ക് (ഇനിയും) ഒരു നല്ല കാലം വരും മോനേ”
കാലം… ഓർമ്മ…
ലാൽ&ശ്രീനി