തൊടുപുഴ: ഈ പ്ലാവ് കൂട്ടുകൂടിയത് ആത്മാവിനോടല്ല, ആലിനോടും മാവിനോടുമാണ്. ആരാണിതിനു പിന്നിലെന്നറിയില്ലെങ്കിലും തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് കൗതുകമായി മാറുകയാണ് ഒരു വൃക്ഷമായി വളര്‍ന്നു പന്തലിച്ച ആലും മാവും ഒപ്പം പ്ലാവും. സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് തണലൊരുക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നഗരസഭാ അധികൃതര്‍ ആല് നട്ടത്. ഇതിന്റെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനൊപ്പം സംരക്ഷണത്തിനായി കരിങ്കല്‍ ഭിത്തി കെട്ടുകയും ചെയ്തു.
ഏതാനും നാളുകള്‍ക്ക് ശേഷം ആലിനൊപ്പം മാവും ഇഴ ചേര്‍ന്നു. മരങ്ങള്‍ വളര്‍ന്ന് വലുതായിക്കൊണ്ടിരുന്നു. എന്നാല്‍ ഇതിനിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു പ്ലാവും ഒപ്പം വളരുന്നുണ്ടായിരുന്നു. ഈ പ്ലാവ് ആലിനെ പൊതിഞ്ഞുള്ള വേരിനിടയില്‍ കുരു നിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായതോ കൗതുകത്തിനുവേണ്ടി ആരെങ്കിലും ചെയ്തതുമാകാം. ഏതെങ്കിലും പക്ഷികള്‍ കൊത്തിയിട്ടതാണോയെന്നും സംശയമുണ്ട്.
മൂന്ന് വൃക്ഷങ്ങളും ചുറ്റിപ്പിണഞ്ഞാണു വളര്‍ന്നത്. മരങ്ങള്‍ വളര്‍ന്നപ്പോള്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും പ്ലാവിന്റെ മേല്‍ ശിഖിരങ്ങളില്‍ കായ്ച്ച ചക്കകള്‍ വളര്‍ന്നപ്പോഴാണ് പലരും ഇക്കാഴ്ച കാണുന്നത്. രണ്ടാള്‍ ഉയരത്തില്‍ മുതല്‍ നിരവധി ചക്കകളാണ് പ്ലാവില്‍ കായ്ച്ച് കിടക്കുന്നത്.
വിളഞ്ഞ ചക്കയില്‍ നോട്ടമിട്ടവരും കുറവല്ല. തടിയുടെ വണ്ണം കൂടിയതനുസരിച്ച് മരത്തിനായി കെട്ടിയ സംരക്ഷണ ഭിത്തിക്ക് ചെറിയ വിള്ളലുകള്‍ വന്നിട്ടുണ്ട്. എങ്കിലും ബസ് സ്റ്റാന്‍ഡിലെത്തുന്ന നൂറ് കണക്കിന് യാത്രക്കാര്‍ക്കും ബസ് തൊഴിലാളികള്‍ക്കും തണല്‍ വിരിക്കുന്നു. മൂവരുടേയും ഈ കൂട്ടുകെട്ടിനെ ആദരിക്കാനൊരുങ്ങുകയാണ് നഗരത്തിലെ ഒരു പറ്റം വൃക്ഷസ്നേഹികള്‍.