പണം വാങ്ങി ദർശനം തരപ്പെടുത്തും, അരി വഞ്ചിയിൽ നിർബന്ധിച്ച് പണം ഇടീക്കും…. അടൂർ ചൂരക്കോട് സ്വദേശി 1,38,000, വിതുര തൊളിക്കോട് സ്വദേശി 1,07,45… എന്നിങ്ങനെ 50 ഓളം പേർന്ന് തട്ടിയത് അരക്കോടിയോളം രൂപ, തട്ടിപ്പ് നടന്നത് സന്നിധാനത്തെ പോസ്റ്റോഫീസ് വഴിയും രണ്ട് ബാങ്കുകൾ വഴിയും, ബന്ധുക്കൾക്ക് അയച്ചത് മഞ്ഞളും കുങ്കുമവും കലർന്ന നോട്ടുകളെന്ന് പോസ്റ്റോഫിസ് ജീവനക്കാർ

പത്തനംതിട്ട: ശബരിമലയിൽ ദിവസവേതനക്കാരിൽ ചിലർ ഭക്തരെ കബളിപ്പിച്ചും കാണിക്കവഞ്ചിയിൽ കയ്യിട്ടും കവർന്നത് അരക്കോടിയോളം രൂപയെന്ന് സൂചന. 50-ഓളം പേർ ചുരുങ്ങിയത് ഒരുലക്ഷം രൂപ വീതം തട്ടിയിട്ടുണ്ടെന്നാണ് ഇപ്പോൾ വിവരം. കഴിഞ്ഞ മണ്ഡല -മകരവിളക്ക് കാലത്താണ് ഈ തട്ടിപ്പ് നടന്നത്. പ്രതികൾ സന്നിധാനത്തെ പോസ്റ്റോഫീസ് വഴിയും രണ്ട് ബാങ്കുകൾ വഴിയുമാണ് ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്നാണ് റിപ്പോർട്ട്
ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി. ബിജുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.
2025 നവംബർ 17-നും ഡിസംബർ 31-നും ഇടയ്ക്ക് 6000 രൂപ വരെയുള്ള തുകകളായി പലദിവസങ്ങളിൽ അയച്ചതായി കണ്ടെത്തി. മഞ്ഞളും ഭസ്മവും കുങ്കുമവും കലർന്ന നോട്ടുകൾ ചിലർ അയക്കുന്നതായി സന്നിധാനത്തെ പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് എക്സിക്യൂട്ടീവ് ഓഫീസർക്ക് വിവരം നൽകിയത്.
ഇതുവരെ നടത്തിയ അന്വേഷണത്തിൽ 14.08 ലക്ഷം രൂപയാണ് സന്നിധാനത്തെ പോസ്റ്റോഫീസ് വഴി മണിഓർഡറുകളായി പോയിട്ടുള്ളത്. ഇതെല്ലാം ദിവസവേതനക്കാരുടേതാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ബാങ്കുകൾവഴി അയച്ച തുകയുടെ വിവരങ്ങൾകൂടി വരുമ്പോൾ തുക ഗണ്യമായി ഉയരാനാണ് സാധ്യത. 25,000 രൂപയ്ക്കുമേൽ അയച്ചവരുടെ വിവരങ്ങളാണ് സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് നൽകിയിരിക്കുന്നത്.
അടൂർ ചൂരക്കോട് സ്വദേശി ആർ. പ്രദീപ് അയച്ച 1,38,000 രൂപയാണ് ഇതിൽ ഏറ്റവും ഉയർന്ന തുക. വിതുര തൊളിക്കോട് സ്വദേശി ബിജുകുമാർ 1,07,45 രൂപയും, കൊല്ലം കരവാളൂർ സ്വദേശി ആർ. അജിമോൻ 47,400 രൂപയും പത്തനാപുരം സ്വദേശി അരുൺകൃഷ്ണൻ 27,910 രൂപയും അയച്ചതായി തെളിഞ്ഞു. ഇവരുടെ മൊഴി ഉടൻ എടുക്കും.
ജീവനക്കാർ തട്ടിച്ചത് സംഘമായെത്തുന്ന ഭക്തരെ
സംഘമായെത്തുന്ന ഭക്തരെ വലയിലാക്കിയാണ് തട്ടിപ്പ് ഏറെയും നടത്തിയത്. താത്കാലിക ജീവനക്കാരെന്ന നിലയിൽ കിട്ടിയ തിരിച്ചറിയൽ കാർഡാണ് ഇവർ മുതലാക്കിയത്. നെയ്യഭിഷേകത്തിന് ക്യൂ നിൽക്കാതെ, ഒരാളെ നെയ്യുമായി എത്തിക്കാൻ കാർഡ് ദുരുപയോഗിച്ചു. 500 രൂപ വരെ ഇതിന് ഈടാക്കി. ഓരോരുത്തരും ഓരോ വിഹിതം ഇടും എന്നതിനാലാണ് സംഘത്തെത്തന്നെ പിടിക്കുന്നത്. പണം വാങ്ങി ദർശനം തരപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു. ഇരുമുടിക്കെട്ടിലെ അരി നിക്ഷേപിക്കുന്ന വഞ്ചിയിൽ നിർബന്ധിപ്പിച്ച് പണം ഇടീപ്പിച്ചിരുന്നു. ചരട് പൂജയുടെ പേരിലും പണം പിരിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പ് മുൻവർഷങ്ങളിലും നടന്നിരുന്നതായാണ് ദേവസ്വം വിജിലൻസിന്റെ സംശയം






