Breaking NewsKeralaLead NewsLIFENEWSNewsthen SpecialReligion

ഉത്സവകാലത്തിനായി പ്രത്യേക ബജറ്റ്; ഇടനിലക്കാരെ ഒഴിവാക്കും; പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിംഗ്; കാര്‍ബണ്‍ കോപ്പിവച്ചുള്ള രസീത് എഴുത്ത് നടക്കില്ല; അടുത്ത വര്‍ഷത്തേക്കുള്ള ഫെസ്റ്റിവല്‍ ഓഫീസ് ഏപ്രിലില്‍ തുറക്കുമെന്നും കെ. ജയകുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ ഇടനിലക്കാരെ ഒഴിവാക്കുന്നതിനൊപ്പം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിപാട് സംവിധാനം നടപ്പാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. കാര്‍ബണ്‍ കോപ്പി എഴുതിയുള്ള രസീതും ഒഴിവാക്കും. ശബരിമല തീര്‍ഥാടനത്തിനായി പ്രത്യേക ബജറ്റും ഓഡിറ്റും നടപ്പാക്കും. സന്നിധാനത്ത് സിനിമാ ചിത്രീകരണം നടന്നതിന്റെ നിയമപ്രശ്നം പരിശോധിക്കുമെന്നും ജയകുമാര്‍ പറഞ്ഞു. ഏപ്രില്‍ 30ന് മരാമത്ത് ജോലികളുടെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി ശബരിമല തീര്‍ഥാടന മുന്നൊരുക്കം സെപ്റ്റംബറില്‍ അന്തിമമാക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

2026-27 മണ്ഡല- മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും കഴിഞ്ഞ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ വിലയിരുത്തലും ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ നടന്നു.

Signature-ad

വരുന്ന സീസണിലേക്കുള്ള ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫിസ് ഏപ്രിലില്‍ തന്നെ പമ്പയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ശബരിമല ഫെസ്റ്റിവല്‍ അക്കൗണ്ടുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ തല്‍സമയം ഓഡിറ്റ് ചെയ്യാനും തീരുമാനിച്ചു. അടുത്ത തീര്‍ഥാടന കാലത്തിലേക്കുള്ള പുതിയ സമീപന രേഖ കെ.ജയകുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. സുരക്ഷ, ശുചിത്വം, സേവനങ്ങള്‍, ആകര്‍ഷകമായ അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷന്‍സും എന്നിങ്ങനെ 5 ശീര്‍ഷങ്ങളിലായി വിശദമായ സമീപന രേഖയാണ് പ്രസിഡന്റ് അവതരിപ്പിച്ചത്. ഭക്തര്‍ക്കുള്ള സേവനത്തിന് പരമപ്രധാനം നല്‍കിയുള്ള സമീപന രേഖയില്‍ ശുചീകരണത്തിനും ശുചിത്വത്തിനും പ്രഫഷനല്‍ നിലവാരം ഉറപ്പ് വരുത്തും.

ശബരിമല ഡ്യൂട്ടിക്കെത്തുന്ന എല്ലാ ദേവസ്വം ജീവനക്കാര്‍ക്കും ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി പ്രത്യേക പരിശീലനം നല്‍കും. ക്രൗഡ് മാനേജ്‌മെന്റ്, ഭക്തജനങ്ങളുടെ സുരക്ഷ എന്നിവയ്ക്കായി കൂടുതല്‍ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പൊതു ബഡ്ജറ്റിന് പുറമേ ശബരിമല ഉത്സവത്തിനു മാത്രമായി പ്രത്യേക ബഡ്ജറ്റ് തയാറാക്കും. മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിന് ഒരുമാസം മുന്‍പെങ്കിലും മരാമത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് പുതിയ സമീപന രേഖ.

സന്നിധാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് സൗജന്യമായി മൊബൈല്‍ ചാര്‍ജിങ് പോയിന്റുകളും ഉറപ്പാക്കും. വരുന്ന ദേവസ്വം ബോര്‍ഡ് യോഗങ്ങളില്‍ ആവശ്യമെങ്കില്‍ സമീപന രേഖയില്‍ കൂടുതല്‍ കൂട്ടിചേര്‍ക്കലുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാജു, പി.ഡി. സന്തോഷ്‌കുമാര്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.എന്‍.ഗണേശ്വരന്‍ പോറ്റി, വിജിലന്‍സ് ആന്‍ഡ് ചീഫ് സെക്യൂരിറ്റി ഓഫിസര്‍ വി.സുനില്‍കുമാര്‍, ചീഫ് എന്‍ജിനീയര്‍ രഞ്ജിത്ത് കെ.ശേഖര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഒ.ജി.ബിജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: