യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പിൽപ്പെട്ടു, നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ കൂടുതൽ, കൂടുതൽ പണം ആപ്പിലൂടെ ആവശ്യപ്പെട്ടുതുടങ്ങി മൂന്നാഴ്ച്ചയ്ക്കുള്ളിൽ റിട്ട. ബിഎസ്എൻഎൽ ജീവനക്കാരന് നഷ്ടമായത് മൂന്ന് കോടി… മനോവിഷമത്തിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

തൃപ്പൂണിത്തുറ: വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിന്റെ ചതിയിൽപ്പെട്ട് കോടികൾ നഷ്ടമായ റിട്ട.ബി.എസ്.എൻ.എൽ ജീവനക്കാരൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ 4.45നും 5.15നുമിടയിൽ കടന്നുപോയ ട്രെയിൻ തട്ടുകയായിരുന്നുവെന്നാണ് വിവരം. ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി അപ്പാർട്ട്മെൻ്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം.
അതേസമയം ഒരു വർഷം മുൻപാണ് വ്യാജ ട്രേഡിങ്ങിൽപ്പെട്ട് 3 കോടി രൂപയോളം രാജൻ നമ്പൂതിരിക്ക് നഷ്ടമായത്. യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പാണ് വില്ലനായത്. ട്രേഡിങിനായി നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ കൂടുതൽ, കൂടുതൽ പണം ആപ്പിലൂടെ ആവശ്യപ്പെട്ടാണ് തട്ടിയെടുത്തത്. മൂന്നാഴ്ച്ചയ്ക്കുള്ളിലായി മൂന്ന് കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കി. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച് സൈബർ പോലീസിൽ രാജൻ നമ്പൂതിരി നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. പണം നഷ്ടപ്പെട്ടതിനു പിന്നാലെ മനോവിഷമത്തിലായിരുന്നു രാജൻ നമ്പൂതിരി.
പിന്നീട്, കഴിഞ്ഞ കുറച്ചു നാളുകളായി കാര്യമായ വിഷമമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. സ്റ്റോക്ക് മാർക്കറ്റിലും ട്രേഡിങിലും തൽപ്പരനായിരുന്ന രാജൻ നമ്പൂതിരി മറ്റു പല ഓൺലൈൻ ട്രേഡിങ്ങുകളും ചെയ്യുന്നുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം ചെറുതുരുത്തിയിൽ സംസ്കരിച്ചു. ഭാര്യ: ഇന്ദിര (റിട്ട. ബി.എസ്.എൻ.എൽ), മക്കൾ: സുകന്യ, സുജിത്ത് മരുമകൻ: ശ്രീനാഥ്.






