‘മോഹന്‍ലാലിന് നിക്ഷേപമുണ്ടോ’? പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞിട്ടുകൂടി ഉണ്ടാകില്ല! വ്യാജ പ്രചാരണത്തില്‍ പ്രതികരിച്ച് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി

കൊച്ചി: മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കുടുംബ സുഹൃത്തുക്കളാണെന്നും പുറത്തുള്ള ഒരാളുടെയും നിക്ഷേപം കമ്പനിയിലില്ലെന്നും വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. മോഹന്‍ലാലിന് കമ്പനിയില്‍ ഇന്‍വെസ്റ്റ്‌മെന്റുണ്ടോ എന്ന ചോദ്യത്തിനാണ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം മറുപടി പറഞ്ഞത്. പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞും കൂടി കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയായിരുന്ന സി.ജെ റോയിയുമായുള്ള ബന്ധം കാസിനോവ സിനിമ വഴിയാണ്. നമ്മുടെ കുടുംബ സുഹൃത്തുക്കളാണ് ഇരുവരും. അത്ര ബോണ്ടിങ്ങാണ് അവരുമായിട്ട്. ആന്റണി പെരുമ്പാവൂരിന്റെ ഓരോ സിനിമ റിലീസാവുമ്പോഴും അതിലെല്ലാം ബാനറില്‍ കാര്‍ഡ് ഇടുന്നുണ്ട്. ഡോ. റോയ് എന്നൊക്കെ പറഞ്ഞുള്ള കാര്‍ഡുകളാണ് അവ. ഇതെല്ലാം സൗഹൃദത്തിന്റെ പുറത്ത് പണം വാങ്ങാതെ ചെയ്യുന്നതാണ്. അല്ലാതെ ഇവരാരും നമ്മളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ വന്നിട്ടുമില്ല, പറഞ്ഞിട്ടുമില്ല, ചെയ്തിട്ടുമില്ല. ഒരാളെയും ഇന്‍വെസ്റ്റ്‌മെന്റിന് കമ്പനിയിലെടുക്കില്ല. ഇതെല്ലാം കള്ള പ്രചാരണങ്ങളാണ്. മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞ് പോലും കാണില്ല’. അദ്ദേഹം വ്യക്തമാക്കുന്നു.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും സിനിമാ നിര്‍മാതാവുമായ സി ജെ റോയ് (57) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജീവനൊടുക്കിയത്. അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് ആദായ നികുതി റെയ്ഡിനിടെയാണ് അദ്ദേഹം മരിച്ചത്. കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് റോയ് വെടിയുതിര്‍ക്കുകയായിരുന്നു.






