ചട്ടംമറികടന്ന് കൊടിമരത്തിൻറെ പുനർനിർമ്മാണത്തിന് ഭക്തരിൽ നിന്ന് സ്വർണബിസ്കറ്റും നാണയങ്ങളും സ്വീകരിച്ചത് എഎസ്പി കുറുപ്പ്, ബാക്കിവന്നവ ഏതുകണക്കിൽ വകയിരുത്തി? ബാങ്കിലിട്ട പലിശപ്പണമുള്ളപ്പോൾ ദേവസ്വം സ്പോൺസർഷിപ്പിന് ശ്രമിച്ചത് എന്തിന്? മുൻ അഡ്വക്കേറ്റ് കമ്മീഷണർ ഗുരുതര ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലൻസ്

തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിൻറെ പുനർനിർമ്മാണത്തിനായി സ്വർണ്ണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലൻസിന്റെെ കണ്ടെത്തൽ. എക്സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എഎസ്പി കുറുപ്പ് നേരിട്ട് സ്വർണം വാങ്ങിയത് ചട്ടലംഘനമെന്നാണ് ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
അതുപോലെ സ്വർണ്ണത്തിന്റെ അളവ് വിശദമാക്കുന്ന രസീത് നൽകുന്നതിലും വീഴ്ചയുണ്ടായി എന്നും കണ്ടെത്തലുണ്ട്. സ്വർണ ബിസ്കറ്റുകളും നാണയങ്ങളും അടക്കമുള്ളവയാണ് എഎസ്പി കുറുപ്പ് സ്വീകരിച്ചത്. ബാക്കിവന്ന സ്വർണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ല എന്നും കണ്ടെത്തലുണ്ട്.
അതേസമയം സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് ഉടൻ വിജിലൻസിന് കൈമാറും. കൊടിമരം പുനർനിർമ്മിച്ചതിൻറെ ചുമതലയുണ്ടയായിരുന്ന ആളായിരുന്നു എഎസ്പി കുറുപ്പ്. 3,20,30,000 രൂപയായിരുന്നു പുനർനിർമ്മാണത്തിൻറെ എസ്റ്റിമേറ്റ്. ഇതിൽ മൂന്ന് കോടി ഇരുപത് ലക്ഷം രൂപ ഫീനിക്സ് ഗ്രൂപ്പ് നൽകി. അന്നത്തെ എക്സികുട്ടീവ് ഓഫീസറുടെ പേരിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ഈ പണം മാറ്റി. 2017ലാണ് പുനർനിർമ്മാണം നടക്കുന്നത്. ഈ തുക നിക്ഷേപിച്ചപ്പോൾ ലഭിച്ച പലിശപ്പണമുള്ളപ്പോൾ പോലും സ്പോൺസർഷിപ്പിനാണ് ദേവസ്വം ശ്രമിച്ചത്. ഇതിനായി അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറെയാണ് ദേവസ്വം ചുമതലപ്പെടുത്തിയത്. ഇതിനിടെ ചട്ടങ്ങളെല്ലാം ലംഘിച്ച് എഎസ്പി കുറുപ്പ് സ്വർണം സ്വീകരിക്കുകയായിരുന്നു. ഏകദേശം 27 പേർ ഇത്തരത്തിൽ സ്വർണം നൽകി എന്നാണ് കണ്ടെത്തൽ. സ്വർണ ബിസ്കറ്റ്, നാണയങ്ങൾ എന്നിവയെല്ലാമാണ് കുറുപ്പ് വാങ്ങിയത്. ഇത്തരത്തിൽ വാങ്ങിയിട്ടും ആരൊക്കെ എത്ര സ്വർണം തന്നുവെന്ന് മഹസറിൽ കൃത്യമായി രേഖപ്പെടുത്തിയില്ല. ഇത് ഗുരുതര വീഴ്ചയായാണ് ദേവസ്വം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.






