ആഡംബര ഫ്ളാറ്റ്, ലക്ഷങ്ങള്‍ ശമ്പളം; ആസ്വദിക്കാന്‍ സമയമില്ല; ബംഗളുരുവിലെ ഐടി ജീവിതത്തിന്റെ ദുരിതങ്ങള്‍ പങ്കുവച്ച് യുവാവ്; ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ ‘തൊഴില്‍തര്‍ക്കം’

ബംഗളുരു: ഐടി നഗരമായ ബെംഗളൂരുവിലെ അമിത ജോലിഭാരവും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും വിഡിയോയിലൂടെ പങ്കുവച്ച് യുവാവ്. കയ്യില്‍ പണവും ആഡംബര സൗകര്യങ്ങളും ഉണ്ടെങ്കിലും തനിക്ക് ഇതൊന്നും ആസ്വദിക്കാന്‍ സമയം കിട്ടുന്നില്ലെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍.
പ്രതിമാസം 50,000 രൂപ വാടക നല്‍കിയാണ് ഫ്ലാറ്റില്‍ താമസിക്കുന്നത്. സ്വിമ്മിംഗ് പൂള്, ജിം തുടങ്ങിയ എല്ലാ സൗകര്യങ്ങളും അപ്പാര്‍ട്ട്മെന്റിലുണ്ടെങ്കിലും ജോലിത്തിരക്ക് കാരണം ഇവയൊന്നും ഉപയോഗിക്കാന്‍ തനിക്ക് സമയമില്ലെന്ന് അദ്ദേഹം പറയുന്നു. പണം സമ്പാദിക്കാനായുള്ള ഓട്ടത്തിനിടയില്‍ സ്വന്തം ജീവിതം നഷ്ടപ്പെടുന്നതിനെ ഒരു ‘എലിക്കെണി’ എന്നാണ് യുവാവ് വിശേഷിപ്പിക്കുന്നത്.
എന്റെ കയ്യില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്, പക്ഷേ അത് ഉപയോഗിക്കാന്‍ സമയമില്ല, എന്നാണ് ഇദ്ദേഹം പറയുന്നത്. പണം ലഭിക്കുന്നുണ്ടെങ്കിലും ജീവിതത്തില്‍ സമാധാനവും സമയവും നഷ്ടപ്പെടുകയാണെന്നും അദ്ദേഹം വിഡിയോയില്‍ കൂട്ടിച്ചേര്‍ക്കുന്നു. തന്റെ അയല്‍വാസികളുടെ അവസ്ഥയും ഇതുതന്നെയാണെന്നും നഗരത്തിലെ ഭൂരിഭാഗം ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകളിലെയും പൂളുകളും ജിമ്മുകളും ഉപയോഗിക്കാന്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്നും യുവാവ് വെളിപ്പെടുത്തി.
View this post on Instagram
ജനുവരി 4-ന് പങ്കുവെച്ച വിഡിയോ ഇതിനോടകം നാല് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വിഡിയോയ്ക്ക് താഴെ വാടകയെക്കുറിച്ചും തൊഴില്‍ സമ്മര്‍ദ്ദത്തെക്കുറിച്ചും കടുത്ത തര്‍ക്കങ്ങളാണ് നടക്കുന്നത്. മല്‍ബറി ടവറില്‍ 74,000 രൂപ വാടക നല്കുന്ന ഒരാള്‍ 50,000 രൂപ എന്നത് ഒരു ‘നല്ല ഡീല്‍’ ആണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, സമയം കണ്ടെത്താത്തത് വ്യക്തിപരമായ പരാജയമാണെന്നാണ് ചിലരുടെ വാദം. ഐടി പ്രഫഷണലുകളുടെ തിരക്ക് മുതലെടുത്ത് നഗരത്തില്‍ പുതിയ തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും ആളുകള്‍ കമന്റിലൂടെ പറഞ്ഞു.






