എട്ടു വര്‍ഷമായി വാട്‌സ് ആപ്പില്ല, ഫേസ്ബുക്കില്ല; പല ആപ്പുകളും ഒഴിവാക്കി; കാരണം വെളിപ്പെടുത്തി രജിഷ വിജയന്‍

കൊച്ചി: ജീവിതശൈലിയെക്കുറിച്ചും സോഷ്യല്‍ മീഡിയയോടുള്ള സമീപനത്തെക്കുറിച്ചും വെളിപ്പെടുത്തി മലയാളികളുടെ പ്രിയതാരം രജിഷ വിജയന്‍. കഴിഞ്ഞ എട്ടു വര്‍ഷമായി താന്‍ വാട്സാപ്പ് ഉപയോഗിക്കാറില്ലെന്നും വെര്‍ച്വല്‍ ലോകത്തേക്കാള്‍ നേരിട്ടുള്ള ആശയവിനിമയത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും താരം വ്യക്തമാക്കി.
വാട്സാപ്പ് മാത്രമല്ല, ഫെയ്സ്ബുക്കും താന്‍ ഇപ്പോള്‍ ഉപയോഗിക്കാറില്ലെന്ന് രജിഷ പറയുന്നു. നിലവില്‍ ഇന്‍സ്റ്റഗ്രാം മാത്രമാണ് ഉപയോഗിക്കുന്നത്, അതും വളരെ അപൂര്‍വ്വമായി മാത്രം. റീല്‍സ് വന്നതോടെ ആളുകള്‍ ഫോണിന് മുന്നില്‍ അമിതമായി സമയം ചെലവഴിക്കുന്നു. ഒരു പുസ്തകം വായിക്കാനോ സിനിമ കാണാനോ കുടുംബത്തോടൊപ്പം സംസാരിക്കാനോ ആര്‍ക്കും സമയമില്ല. ഇതൊരു വലിയ അഡിക്ഷനാണെന്ന് താരം ചൂണ്ടിക്കാട്ടി. ഫോണ്‍ ഉപയോഗം തന്റെ ചിന്തകളെ നിയന്ത്രിക്കാതിരിക്കാന്‍ പല ആപ്പുകളും താന്‍ നീക്കം ചെയ്തതായും രജിഷ വെളിപ്പെടുത്തി.
ഭാവി ജീവിതത്തെക്കുറിച്ച് വലിയ പദ്ധതികളൊന്നുമില്ലാത്ത സ്വഭാവമാണ് തന്റേതെന്ന് രജിഷ പറയുന്നു. പത്തു കൊല്ലം കഴിഞ്ഞാല്‍ എവിടെയായിരിക്കും എന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. നിലവില്‍ നില്‍ക്കുന്ന നിമിഷത്തില്‍ ജീവിക്കുക എന്നതാണ് എന്റെ രീതി. ആര്‍മിയില്‍ ഡോക്ടറാവുക എന്നതായിരുന്നു പണ്ടത്തെ ആഗ്രഹം. നടി ആകുമെന്ന് കരുതിയതല്ല, പക്ഷേ ആഗ്രഹിച്ച ചെറിയ കാര്യങ്ങളെല്ലാം ജീവിതത്തില്‍ നടന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ കൃഷാന്ദ് ഒരുക്കിയ ‘മസ്തിഷ്‌ക മരണം; സൈമണ്‍സ് മെമ്മറീസ്’ എന്ന ചിത്രത്തിലൂടെ പുതിയൊരു വേഷപ്പകര്‍ച്ചയിലാണ്. ചിത്രത്തിലെ ‘കോമള താമര’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രജിഷയുടെ കരിയറിലെ ആദ്യ ഐറ്റം ഡാന്‍സാണിത്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ തകര്‍പ്പന്‍ ഡാന്‍സിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്. അരങ്ങേറ്റ ചിത്രത്തിലെ മികച്ച പ്രകടനത്തിന് 47-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും രജിഷയെ തേടിയെത്തി. മലയാള സിനിമയ്ക്ക് പുറമെ തമിഴ് സിനിമയിലും സജീവ സാന്നിധ്യമായി മാറാന്‍ രജിഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.






