ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ ഫസ്റ്റ്ക്രൈ.കോം ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി രേഖകള്‍ ഈ മാസം മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ സമര്‍പ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 700 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ഫസ്റ്റ്ക്രൈ ലക്ഷ്യമിടുന്നത്.
ബേബി ഉല്‍പ്പന്നങ്ങളുടെ ഇ-കൊമേഴ്സ് സ്റ്റാര്‍ട്ട്അപ്പായ ഫസ്റ്റ്ക്രൈ ഐപിഒയിലൂടെ കുറഞ്ഞത് 6 ബില്യണ്‍ ഡോളറിന്റെ മൂല്യനിര്‍ണ്ണയമാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പുതിയതും നിലവിലുള്ളതുമായ ഓഹരികള്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം തന്നെ ഐപിഒ നടത്തി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ടിപിജിയുടെ പിന്തുണയോടെ സ്ഥാപകന്‍ സുപം മഹേശ്വരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്സ് കമ്പനി 2010ലാണ് ആരംഭിച്ചത്. തുടക്കത്തില്‍ ബേബി ഉല്‍പ്പന്നങ്ങളുടെ റീട്ടെയിലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.