കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിദേശ വായ്പകളുടെ തിരിച്ചടവ് താല്‍ക്കാലികമായി നിറുത്തി വെച്ചതിന് പിന്നാലെ പ്രവാസികളോട് നാട്ടിലേക്ക് പണമയയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക. വളരെ പരിമിതമായ അളവിലുള്ള വിദേശ നാണ്യം മാത്രമേ ഇപ്പോള്‍ ശ്രീലങ്കയുടെ പക്കലുള്ളൂ. ഇത് ധാന്യം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനായി ഉപയോഗിക്കുമെന്നും അതിനാലാണ് വായ്പാ തിരിച്ചടവ് തല്‍ക്കാലം നിറുത്തുന്നതെന്നും ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ പി. നന്ദലാല്‍ വീരസിംഗെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിദേശത്ത് നിന്നും ശ്രീലങ്കന്‍ പൗരന്മാരായ പ്രവാസികള്‍ രാജ്യത്തേക്ക് പണമയയ്ക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എന്നാല്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം നിലനില്‍ക്കുന്നതിനൊപ്പം 2004ല്‍ സുനാമി ഫണ്ട് തിരിമിറി ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ മനസിലുള്ളതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളോട് ശ്രീലങ്കന്‍ പൗരന്മാര്‍ സഹകരിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്നും വായ്പ അനുവദിച്ച് കിട്ടുന്നത് വരെയാണ് വിദേശ വായ്പാ തിരിച്ചടവ് നിറുത്തി വെക്കുന്നതെന്നും ശ്രീലങ്കന്‍ ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 5100 കോടി ഡോളറാണ് വിദേശ വായ്പ ഇനത്തില്‍ ശ്രീലങ്ക തിരിച്ചടയ്ക്കാനുള്ളത്. തിരിച്ചടവ് താല്‍കാലികമായി നിര്‍ത്തുന്നത് ശ്രീലങ്കയ്ക്ക് നേരിയ ആശ്വാസം നല്‍കുമെങ്കിലും തല്‍സ്ഥിതിയില്‍ വലിയ മാറ്റം ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള പൗരന്മാരോട് നാട്ടിലേക്ക് പണമയയ്ക്കാന്‍ ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കേന്ദ്ര ബാങ്ക്, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്ക് ഇവ തമ്മിലുള്ള ഇടപാടുകള്‍ ഒഴികെ ഉഭയകക്ഷി വായ്പകള്‍, വിദേശ കടപത്രങ്ങള്‍ എന്നിവയുടെ തിരിച്ചടവുകളാണ് താല്‍ക്കാലികമായി നിറുത്തി വെക്കുന്നതെന്നാണ് ശ്രീലങ്കന്‍ ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്.