തീയേറ്റര്‍ റിലീസിന് ഒരുങ്ങുന്ന കുറുപ്പ് എന്ന ചിത്രത്തെ കുറിച്ച് സംവിധായകന് പ്രിയദര്ശന് നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയദര്ശന്. താന്‍ ദുല്‍ഖര്‍ സല്‍മാനെയോ കുറുപ്പ് എന്ന സിനിമയെയോ ഒരു തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ ചര്‍ച്ചയില്‍ പ്രിയദര്ശന് പറഞ്ഞത് ‘ചില ആളുകള്‍ സിനിമ എടുക്കുന്നുണ്ട്. നെറ്റ്ഫ്ളിക്സില്‍ വില്ക്കാന് കഴിയാതെ വരുമ്പോള്‍ തിയറ്ററില്‍ റിലീസ് ചെയ്തിട്ട് പറയും ഞങ്ങള്‍ അവിടുന്ന് തിരിച്ചു വാങ്ങി തീയേറ്ററുകാരെ സഹായിച്ചുവെന്ന്. അത് ശരിയല്ല പ്രിയന്റെ ഈ പരാമര്‍ശമാണ് വിവാദമായത്. ഇത് ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുകയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത കുറുപ്പ് എന്ന ചിത്രത്തെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ള അഭിപ്രായപ്രകടമെന്ന നിലയിലാണ് വിവാദങ്ങള്‍ കൊഴുത്തത്. അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തിക്കൊണ്ടാണ് ഇപ്പോള്‍ പ്രിയന് ട്വീറ്റ് ചെയ്തിരിക്കുന്നതും.