KeralaLead NewsNEWS

നവംബർ 23 ഓടെ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കും: മന്ത്രി വി. ശിവൻകുട്ടി

പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളിൽ ഈ മാസം 23 ഓടെ പുതിയ ബാച്ച് അനുവദിക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിവഹിക്കുകയായിരിക്കുന്നു അദ്ദേഹം.

സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിലാകെ ഉത്കണ്ഠയുണ്ടായിരുന്നു. മാർഗ്ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ആ ഉത്കണ്ഠ അകറ്റാൻ സാധിച്ചുവെന്നും സ്‌കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർത്ഥികൾ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻപെങ്ങുമില്ലാത്തവിധത്തിലാണ് പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഭൗതിക സൗകര്യങ്ങൾക്കൊപ്പം അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നടപടികളും പുരോഗമിക്കുകയാണ്. അതിനായി ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

Back to top button
error: