ചെണ്ടയുടെ രൗദ്ര താളവുമായി മേനകയുടെ മകൾ രേവതി: കീർത്തി വെള്ളിത്തിരയിൽ എങ്കിൽ രേവതി വാദ്യകലയിൽ താരം: ഇതൊരു കലാമന്ദിർ കുടുംബം

തിരുവനന്തപുരം : മലയാളത്തിൽ മികച്ച സിനിമകൾ ചെയ്തിട്ടുള്ള രേവതി കലാമന്ദിറിലെ രേവതി ആരെന്നറിയാമോ. നടിയുടെയും നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും മൂത്ത മകളാണ് രേവതി. മറ്റൊരുമകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ സൂപ്പർ താരം.
കീർത്തി വെള്ളിത്തിരയിൽ കീർത്തി നേടിയപ്പോൾ രേവതി വാദ്യകലയിൽ കീർത്തി നേടാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെണ്ടയിൽ രൗദ്ര താളം തീർത്ത് രേവതി കഴിഞ്ഞദിവസം കൊട്ടിക്കയറി അരങ്ങേറ്റം കുറിച്ചപ്പോൾ രേവതിയുടെ കലാപരമായ കരിയറിലെ മറ്റൊരു അധ്യായമായി അത് മാറി.

നൃത്ത കലയിൽ ഇതിനോടകം കഴിവും മികവും പ്രകടിപ്പിച്ചിട്ടുള്ള രേവതി ക്യാമറയ്ക്ക് മുന്നിൽ സജീവമല്ലെങ്കിലും ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച് തന്റെ കഴിവ് കാണിച്ചു കൊടുത്തിട്ടുണ്ട് . വിഷ്വൽ ഇഫക്ട്സ് ആർട്ടിസ്റ്റ്, സംവിധായിക, നിർമ്മാതാവ് എന്നീ നിലകളിലും ഇതിനോടകം രേവതി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രിയദർശന്റെ സിനിമയിൽ സഹായിയായി പ്രവർത്തിച്ച രേവതി ‘താങ്ക് യു’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് എത്തിയത്. പ്രശസ്ത നർത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിലാണ് രേവതി നൃത്തം അഭ്യസിച്ചത്.
രേവതി വാദ്യകലയിൽ ചെണ്ടമേളത്തിൽ ഒരു കൈ നോക്കിയ വിവരം അമ്മയും നടിയുമായ മേനക തന്നെയാണ് സന്തോഷത്തോടെ ഇൻസ്റ്റഗ്രാമിൽ അറിയിച്ചത്.തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തിലാണ് രേവതിയുടെ ചെണ്ട അരങ്ങേറ്റം നടന്നത്. രേവതിക്ക് സിനിമസാംസ്‌കാരിക രംഗത്തെ പ്രമുഖരും ആശംസകളറിയിച്ചു.
മരക്കാർ; അറബിക്കടലിന്റെ സിംഹം’, ‘വാശി’, മോഹൻലാൽ ചിത്രം ‘ബാറോസ്’ തുടങ്ങിയ സിനിമകളിൽ സാങ്കേതിക വിഭാഗത്തിലും നിർമ്മാണത്തിലും രേവതി സജീവ സാന്നിദ്ധ്യമായിരുന്നു. നിലവിൽ രേവതി കലാമന്ദിർ ഫിലിം അക്കാദമിയുടെ സജീവ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ് രേവതി.






