മാവോയ്ക്കു ശേഷമുള്ള കരുത്തുറ്റ നേതാവ് ഷി ജിന്‍പിംഗ് അധികാരം ഒഴിയുന്നോ? പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു; ബ്രിക്‌സ് സമ്മേളനത്തിലും ഇല്ല; ചൈനീസ് സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളിയില്‍; താരിഫ് യുദ്ധം കയറ്റുമതിയെയും ബാധിച്ചു; അധികാര വികേന്ദ്രീകരണം ലക്ഷ്യമെന്നും ദേശീയ മാധ്യമം

ബീജിംഗ്: മാവോയ്ക്കുശേഷം ചൈന കണ്ട ഏറ്റവും കരുത്തുറ്റ നേതാവായ പ്രസിഡന്റ് ഷി ജിന്‍പിംഗ് അധികാരമാറ്റത്തിന് ഒരുങ്ങുന്നെന്നു റിപ്പോര്‍ട്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ഘടകങ്ങളിലേക്ക് അധികാരം കൈമാറാന്‍ ഒതുങ്ങുന്നതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ദശാബ്ദത്തിലേറെയായി അധികാരത്തിലിരുന്ന ശേഷമാണ് ഷി ജിന്‍പിങ് സുപ്രധാന തീരുമാനങ്ങള്‍ക്ക് ഒരുങ്ങുന്ന വിവരം പുറത്ത് വരുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) 24 അംഗ പൊളിറ്റിക്കല്‍ ബ്യൂറോ ജൂണ്‍ 30-ന് നടന്ന യോഗത്തില്‍ പുതിയ തീരുമാനങ്ങള്‍ അവലോകനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഷി ജിന്‍പിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ദേശീയ തലത്തിലെ മുന്‍ഗണ അര്‍ഹിക്കുന്ന ജോലികളില്‍ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ അധികാര വികേന്ദ്രീകരണം ആവശ്യമുണ്ടെന്നാണ് സിന്‍ഹുവ റിപ്പോര്‍ട്ടിലെ വിശദീകരണം. മേയ് മുതല്‍ ഷി ജിന്‍പിംഗ് പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും ഷി പങ്കെടുക്കുന്നില്ല. ഇതെല്ലാം അധികാരക്കൈമാറ്റത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. പ്രസിഡന്റായശേഷം ആദ്യമായാണ് ഷി ബ്രിക്‌സ് സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പകരം പ്രധാനമന്ത്രി ലി ചിയാങാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.
അതേസമയം, ചൈനീസ് സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളുടെ സമ്മര്‍ദ്ദമാണ് ഷി ജിന്‍പിംഗിന്റെ പുതിയ തീരുമാനത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎസുമായുള്ള തുടര്‍ച്ചയായ താരിഫ് യുദ്ധം ചൈനയുടെ കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. വിപണിയിലെ മാന്ദ്യവും കടുത്ത കോവിഡ് നയത്തിന്റെ പ്രത്യാഘാതങ്ങളും സാമ്പത്തിക വ്യവസ്ഥയില്‍ ചെലുത്തിയ സ്വാധീനം ചില്ലറയല്ല. ഇതിന്റെ പഴിയും ഷിയാണ് ചുമക്കുന്നത്.
അധികാരം സ്വന്തം കയ്യില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ദൈനംദിന ഭരണം പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കി ഷി വിട്ടുനിന്നേക്കാം എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സിന്‍ഹുവ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതുപോലെ വലിയ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഷി യുടെ ശ്രമമെന്നും വിലയിരുത്തപ്പെടുന്നു. ഒന്നുകില്‍ പടിപടിയായുള്ള അധികാര വികേന്ദ്രീകരണം, അല്ലെങ്കില്‍ വിരമിക്കല്‍ ഇതിലേതെങ്കിലുമൊന്ന് ഷി തിരഞ്ഞെടുത്തേക്കാം എന്നാണ് സൂചന.
2012 മുതല്‍ ചൈന ഷി ജിന്‍പിംഗ്് ഭരണത്തിന് കീഴിലാണ്. അഴിമതിക്കെതിരെ വലിയ പ്രചാരണത്തിന് നേതൃത്വം നല്‍കിയാണ് ഷി ജിന്‍പിംഗ്് അധികാരത്തിലേറിയത്. പിന്നാലെ നിരവധി ഉന്നത ജനറല്‍മാരെ പുറത്താക്കിയ ഷി ഒരു ദശലക്ഷത്തിലധികം ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വിധിക്കുകയുമുണ്ടായി. അങ്ങിനെ മാവോയ്ക്കു മാത്രം അവകാശപ്പെട്ടിരുന്ന ചൈനയുടെ കരുത്തുറ്റ നേതാവെന്ന വിശേഷണം ഷി സ്വന്തമാക്കുകയായിരുന്നു. 2016-ല്‍ പാര്‍ട്ടി തങ്ങളുടെ പ്രധാന നേതാവായി ഷി ചിന്‍പിങിനെ പ്രഖ്യാപിക്കുകയുമുണ്ടായി. 2018 ല്‍, ചൈനയുടെ പ്രസിഡന്റിന്റെ കാലാവധി പരിധി നിര്‍ത്തലാക്കിയതും ഷിയാണ്. അങ്ങിനെ ചൈനയുടെ ആജീവനാന്ത പ്രസിഡന്റായി ഷി മാറുകയായിരുന്നു. ഇന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലച്ചോറും ഹൃദയവും ഷി തന്നെയാണ്.






