കോവിഡ് വ്യാപനം ആദ്യം കണ്ടെത്തിയ ചൈനയില്‍ ഇതുവരെ നാലു കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. എന്നാല്‍ ഈ വാക്‌സിന്‍ വിതരണത്തിന്റെ ഇടയ്ക്കും വ്യാജവാക്‌സിന്‍ തട്ടിപ്പുകളും നടക്കുന്നതായാണ് പുറത്തുവരുന്ന പുതിയ വിവരം. ഇത്തരത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി ഇപ്പോള്‍ അറസ്റ്റിലായിരിക്കുകയാണ്. വ്യാജ വാക്‌സിന്‍ തട്ടിപ്പ് സംഘത്തിന്റെ തലവനായ കോങ് എന്നയാളാണ് ചൈനയില്‍ അറസ്റ്റിലായത്.
ഉപ്പു ലായനിയും മിനറല്‍ വാട്ടറുമാണ് കോവിഡ് വാക്‌സിനെന്ന് പറഞ്ഞ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്. നിരവധി പേരാണ് ഇത്തരത്തില്‍ വ്യാജ കോവിഡ് വാക്‌സിന്റെ കുത്തിവെപ്പ് സ്വീകരിച്ചത്. യഥാര്‍ഥ വാക്‌സിന്റെ പാക്കേജ് ഡിസൈനടക്കം കൃത്യമായി മനസിലാക്കിയാണ് ഇയാള്‍ വ്യാജ വാക്‌സിനുകള്‍ വിപണിയിലെത്തിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വ്യാജ വാക്‌സിനുകളുടെ നിര്‍മാണം ആരംഭിച്ചിരുന്നതായാണ് വിവരം. ഇതില്‍ 600 ബാച്ച് വാക്‌സിനുകള്‍ നവംബറില്‍ ഹോങ്കോങ്ങിലേക്ക് അയച്ചു. പിന്നാലെ മറ്റു വിദേശ രാജ്യങ്ങളിലേക്കും വ്യാജ വാക്‌സിന്‍ കടത്തി. തട്ടിപ്പിലൂടെ കോങ് ഉള്‍പ്പെടെയുള്ള സംഘം ഏകദേശം 20 കോടിയിലേറെ രൂപയുടെ സാമ്പത്തികം ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. കോങ് മാത്രമല്ല പിടിയിലായത്. ഇത്തരത്തില്‍ 70 ഓളം പേരാണ് ചൈനയില്‍ പിടിയിലായത്.
ഉയര്‍ന്ന വിലയ്ക്ക് വ്യാജ വാക്‌സിനുകള്‍ ആശുപത്രിയില്‍ വിറ്റവരും നാട്ടുവൈദ്യന്മാരെ ഉപയോഗിച്ച് ഗ്രാമങ്ങളില്‍ കുത്തിവെയ്പ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ചവരും വീടുകള്‍ കേന്ദ്രീകരിച്ച് വ്യാജ വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കിയവരും പിടിയിലായവരിലുണ്ട്. അതേസമയം, വ്യാജ വാക്‌സിനുകള്‍ വന്‍തോതില്‍ വിപണിയിലെത്തുന്നതിനാല്‍ ഇതിനെതിരേ ശക്തമായ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ കര്‍ശനനിര്‍ദേശം.