ഒരു പഴയ ബോംബ് കഥ : സതീശൻ മറന്നാലും ഗോവിന്ദൻ മറക്കില്ല : ബോംബ് കഥ പൊട്ടിയ പോലെ നൂറിന്റെ കണക്കും പൊട്ടുമെന്ന് ഗോവിന്ദൻ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പൊട്ടിക്കാനായി ഓരോരോ പുതിയ ബോംബുകൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന തിരക്കിനിടയിൽ ഒന്നോ രണ്ടോ ബോംബിന്റെ കാര്യം വിട്ടു കളഞ്ഞേക്കും. അത് കുത്തിപ്പൊക്കി എടുത്തു കൊണ്ട് വരേണ്ട വല്ല കാര്യവും ഉണ്ടോ ഗോവിന്ദൻ മാസ്റ്റർക്ക്…
പണ്ടെങ്ങോ സതീശൻ പറഞ്ഞ ഒരു പഴയ ബോംബ് കഥ എം വി ഗോവിന്ദൻ മാസ്റ്റർ മറന്നിട്ടില്ല.സതീശൻ മറന്നെങ്കിലും..
ആ ബോംബിനെ കുറിച്ചാണ് ഗോവിന്ദൻ മാസ്റ്റർ ഇപ്പോൾ സതീശനെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്. പൊട്ടും പൊട്ടും എന്ന് പറഞ്ഞ് പൊട്ടാതെ പോയ ആ ബോംബ് പോലെ കിട്ടും കിട്ടുമെന്ന് പറഞ്ഞ് കിട്ടാതെ പോകുന്ന ഒരു നൂറിന്റെ കണക്ക് ആണല്ലോ സതീശൻ ഇപ്പോൾ പറയുന്നത് എന്നാണ് ഗോവിന്ദൻ മാസ്റ്ററുടെ ഡയലോഗ്. ബോംബ് കഥ പൊട്ടിയ പോലെ 100ന്റെ കണക്കും പൊട്ടും എന്നാണ് എം വി ഗോവിന്ദൻ പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടുമെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ അവകാശവാദത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത് എത്തിയിരിക്കുകയാണ് . ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ. ആ കഥ പൊട്ടി പോയില്ലേ. അതുപോലെ നൂറും പൊട്ടുമെന്നായിരുന്നു ഗോവിന്ദന്റെ പരിഹാസം.

ഒരു വിസ്മയവും ഉണ്ടാകാന്‍ പോകുന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തില്‍ വരും. ഏതു ബോംബ് പൊട്ടിയാലും അധികാരത്തില്‍ വരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പുളള കേസാണെന്നും എല്‍ഡിഎഫിന് എന്ത് തിരിച്ചടിയാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു. നേമത്ത് ശിവന്‍കുട്ടി മത്സരിക്കുമെന്നും ഇല്ലെന്നും പറഞ്ഞത് ശരിയല്ല. ഇതുവരെ ഒരു ചര്‍ച്ചയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി ഡി സതീശനെതിരായ പുനര്‍ജനി കേസ് വായിച്ചു നോക്കിയില്ലെന്നും ആരെയും കുടുക്കുക തങ്ങളുടെ പണിയല്ലെന്നും അത് അവരുടെ പണിയാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിസ്മയമുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ഉണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് 100ലധികം സീറ്റുകള്‍ നേടി വിജയിക്കാന്‍ കഴിയുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. പ്ലാറ്റ്‌ഫോമിന്റെ അടിത്തറ ഇനിയും കെട്ടുറപ്പുള്ളതാക്കാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് കേരളത്തില്‍ 100ലധികം സീറ്റുകള്‍ നേടാനാകും എന്ന് താൻ പറഞ്ഞതെന്നും വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു.
ആ ആത്മവിശ്വാസം തകർക്കാനുള്ള ബോംബാണ് സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഗോവിന്ദൻ മാസ്റ്റർ പൊട്ടിച്ചത്.






