ഇനി സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി വന്നാൽ ശബരിമല സ്വർണ്ണക്കൊള്ള കേസന്വേഷണം സൂപ്പറാകും: എസ് ഐ ടി അന്വേഷണത്തിൽ ഹൈക്കോടതിക്ക് തൃപ്തി: നിർഭയമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർദ്ദേശം

കൊച്ചി: കൂടുതൽ മിടുക്കരും സത്യസന്ധരുമായ അന്വേഷണ ഉദ്യോഗസ്ഥർ കൂടി എത്തുന്നതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസന്വേഷണം കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷണമായി മാറും. ഇതിന് നന്ദി പറയേണ്ടത് ഹൈക്കോടതിയോടാണ്. ഹൈക്കോടതി നേരിട്ട് ഇടപെട്ടുകൊണ്ടും മാത്രം സത്യസന്ധമായി അന്വേഷണം മുന്നോട്ടുപോകുന്നു. അല്ലായിരുന്നെങ്കിൽ എന്നെ തേഞ്ഞു മാഞ്ഞ് അട്ടിമറിക്കപ്പെട്ട് കേസന്വേഷണം വഴിതിരിഞ്ഞു പോകുമായിരുന്നു.
ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിട്ട് പോലും ഒരു ഘട്ടത്തിൽ ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണം വഴിമാറി പോകുന്നുവോ എന്ന് സാധാരണക്കാരൻ സംശയിച്ചു പോയപ്പോൾ ശക്തമായ താക്കീതോടെ ഹൈക്കോടതി തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നേർവഴിക്ക് നടത്തി. അതിന്റെ ഗുണവും ഉണ്ടായി.
തുറക്കാൻ മടിച്ചുനിന്ന പല വാതിലുകളും സധൈര്യം തട്ടിത്തുറക്കാൻ എസ് ഐ ടിക്ക് സാധിച്ചു. പല ഉന്നതരുടേയും മുന്നിലേക്ക് അന്വേഷണത്തിന്റെ വഴികൾ എത്തി.
ഇപ്പോഴിതാ ശബരിമല സ്വർണ്ണ കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം അഥവാ എസ് ഐ ടി നടത്തുന്ന അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തുമ്പോൾ കൊടുക്കണം ആ ടീമിനൊരു സല്യൂട്ട്.
ശബരിമല സ്വർണക്കൊള്ളയിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിക്കൊണ്ട് വളരെ വിശദമായിത്തന്നെ സംഘത്തെ അഭിനന്ദിച്ചിട്ടുണ്ട്. രേഖകൾ മറച്ചുവെക്കാൻ ചില വ്യക്തികൾ ശ്രമിച്ചെങ്കിലും സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്ഐടിക്ക് കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു.
നിർഭയമായി അന്വേഷണം മുന്നോട്ടു പോകണം. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്ഐടി സംഘത്തലവന് ഉൾപ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു

വൻ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടെന്ന് ചോദ്യവും ഉയർത്തിയിരുന്നു. അതേസമയം അന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്.






