‘ഞാനത്ര സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം’: ഇന്ത്യക്കു വീണ്ടും ട്രംപിന്റെ ഭീഷണി; ഇറക്കുമതി തീരുവ വീണ്ടും കൂട്ടേണ്ടിവരും; മോദി നല്ല മനുഷ്യന്‍, കാര്യങ്ങള്‍ മനസിലാകുമെന്നും ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇറക്കുമതിത്തീരുവ വീണ്ടും ഉയര്‍ത്തുമെന്ന് യുഎസ് ഭീഷണി. റഷ്യന്‍ ഇന്ധനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി. തന്റെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിട്ടും റഷ്യയുമായുള്ള ഇടപാട് ഇന്ത്യ തുടരുകയാണെന്നും ട്രംപ് പറഞ്ഞു. ‘ഞാനത്ര സന്തോഷവാനല്ലെന്ന് നരേന്ദ്ര മോദിക്കറിയാം. എന്നെ സന്തോഷിപ്പിക്കുകയെന്നത് പ്രധാനമാണ്. ഇന്ത്യ വ്യാപാരം തുടര്‍ന്നാല്‍ വളരെപ്പെട്ടെന്ന് തന്നെ തീരുവ കൂട്ടേണ്ടിവരും. റഷ്യന്‍ ഇന്ധന ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ താരിഫ് കൂട്ടും. മോദിയൊരു നല്ല മനുഷ്യനാണ്. കാര്യങ്ങള്‍ മനസിലാകും’- എന്നായിരുന്നു വൈറ്റ് ഹൗസ് പുറത്തുവിട്ട ട്രംപിന്റെ ശബ്ദ സന്ദേശത്തിലുള്ളത്.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിന്‍മേല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ ഭീഷണി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാമെന്ന് മോദി തനിക്ക് ഉറപ്പ് തന്നുവെന്നാണ് നേരത്തെ ട്രംപ് അവകാശപ്പെട്ടിരുന്നു. 50 ശതമാനമായിരുന്നു റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നികുതി. അതേസമയം ട്രംപ് അവകാശപ്പെടുന്നത് പോലെയുള്ള സംഭാഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഒക്ടോബറില്‍ തന്നെ ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്തുള്ള തീരുമാനങ്ങളേ ഇന്ത്യ കൈക്കൊള്ളുകയുള്ളൂവെന്നും ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ എതിര്‍ക്കുമെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചിരുന്നു.
ഇന്ത്യ ഏറ്റവുമധികം ഇന്ധനം ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് വഴി യുക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി നീളാന്‍ ഇന്ത്യ സഹായിക്കുകയാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. സമാധാനമുണ്ടാക്കുന്നതിനായും സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കുന്നതിനായും ഇന്ത്യ റഷ്യയുമായുള്ള ഇന്ധന ഇടപാട് അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.






