IndiaNEWS

ഓണ്‍ലൈന്‍ വഴി ചിക്കന്‍ ഫ്രൈഡ് റൈസും ബര്‍ഗറും വാങ്ങി; ഭക്ഷ്യവിഷബാധ, വോളിതാരമായ പെണ്‍കുട്ടി മരിച്ചു

ചെന്നൈ: തീവണ്ടിയില്‍ യാത്രചെയ്യവെ ഓണ്‍ലൈന്‍ വഴി ബുക്കുചെയ്ത ഭക്ഷണം കഴിച്ച വോളിബോള്‍ താരമായ പെണ്‍കുട്ടി മരിച്ചു. മധ്യപ്രദേശില്‍നടന്ന സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുത്ത് ശനിയാഴ്ച ചെന്നൈയിലേക്ക് തിരിച്ചുവരുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശിനിയായ എലീന(15)യാണ് മരിച്ചത്. മധ്യപ്രദേശില്‍നിന്ന് തീവണ്ടിയില്‍ തിരിച്ചുവരുമ്പോഴാണ് സ്വകാര്യഭക്ഷണവിതരണ എജന്‍സിയില്‍നിന്ന് ചിക്കന്‍ ഫ്രൈഡ് റൈസും ബര്‍ഗറും ഓര്‍ഡര്‍ചെയ്തതെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു.

ചെന്നൈയിലെത്തിയപ്പോള്‍ ഛര്‍ദിയും പനിയും ഉണ്ടായതിനെത്തുടര്‍ന്ന് അവശനിലയിലായ എലീനയെ ഒപ്പമുണ്ടായിരുന്നവര്‍ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖംപ്രാപിച്ച എലീനയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് ചെന്നൈയിലെ വീട്ടിലേക്ക് പോയി. എന്നാല്‍, വീണ്ടും ഛര്‍ദിയും പനിയും ഉണ്ടാവുകയും അവശനിലയിലാവുകയുമായിരുന്നു.

Signature-ad

എലീനയെ കില്‍പോക്ക് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരിച്ചതായി പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. സംഭവത്തില്‍ കില്‍പോക്ക് പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആശുപത്രിയില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

അതേസമയം, മാതാപിതാക്കള്‍ റെയില്‍വേ പോലീസിന് പരാതിനല്‍കിയിരുന്നില്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഭക്ഷണം വിതരണംചെയ്ത ഏജന്‍സിക്കെതിരേ നടപടിയെടുക്കുമെന്നും അറിയിച്ചു. അതേ തീവണ്ടിയില്‍ എലീനയോടൊപ്പം ചിക്കന്‍ ഫ്രൈഡ് റൈസും ബര്‍ഗറും കഴിച്ച മറ്റു വിദ്യാര്‍ഥിനികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: