ആലപ്പുഴ: കുറുവ മോഷണം സംഘത്തിലെ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ് പൊലീസ്. അറസ്റ്റിലായ സന്തോഷ് സെല്‍വത്തിന്റെ കൂട്ടാളികളായ വേലനെയും പശുപതിയെയുമാണ് തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഇരുവരും തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിലേക്ക് കടന്നെന്നാണ് സൂചന. തിരുട്ടു ഗ്രാമമായ കാമാക്ഷിപുരം സ്വദേശികളാണ് ഇരുവരും.
പാലായിലെ മോഷണക്കേസില്‍ ഇരുവരെയും പൊലീസ് പൊള്ളാച്ചിയില്‍ നിന്ന് പിടികൂടിയിരുന്നു. ജൂണിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് സന്തോഷ് സെല്‍വത്തോടൊപ്പമാണ് ഇവര്‍ ജയിലില്‍ കഴിഞ്ഞിരുന്നത്.
മൂന്നു മാസത്തെ ജയില്‍ വാസത്തിന് ശേഷം സന്തോഷിനൊപ്പം ഇവര്‍ പിന്നീട് കൊച്ചിയിലേക്ക് താമസം മാറി. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു പിന്നീട് ഇവര്‍ മോഷണത്തിന് പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇവര്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത്. അറസ്റ്റിലായ സന്തോഷും തമിഴ്‌നാട് തിരുട്ടുഗ്രാമമായ കാമാക്ഷിപുരം സ്വദേശിയാണ്.
അതേസമയം, പറവൂര്‍ തൂക്കുകുളത്ത് അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയത് പിടിയിലായ മണികണ്ഠന്‍ അല്ലെന്ന് വ്യക്തമായി. തിരിച്ചറിയല്‍ പരേഡില്‍ വീട്ടിലെത്തിയത് മണികണ്ഠന്‍ അല്ലെന്ന് വീട്ടമ്മ പൊലീസിനെ അറിയിച്ചു. കുറുവ സംഘത്തിലെ സന്തോഷ് സെല്‍വത്തോടൊപ്പം ആണ് മണികണ്ഠന്‍ പിടിയിലായത്.
മണികണ്ഠനാണ് ആലപ്പുഴ പറവൂര്‍ തൂക്കുകുളത്ത് കവര്‍ച്ച നടത്തിയതെന്ന സംശയം ഉയര്‍ന്നിരുന്നു. മണ്ണഞ്ചേരി സ്റ്റേഷനിലെത്തി മണികണ്ഠനെ കണ്ട വീട്ടമ്മ, കള്ളന്‍ ഇയാളല്ലെന്ന് പൊലിസിനോട് പറഞ്ഞു. തിരുവിളക്ക് മനോഹരന്റെ മകള്‍ നീതുവിന്റെയും കുത്തിന്റെയും ആഭരണങ്ങളാണ് കവര്‍ന്നത്. ആലപ്പുഴ കോമളപുരം, റോഡ് മുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയത് സന്തോഷ് സെല്‍വവും മറ്റൊരാളുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മണികണ്ഠന്‍ ഇവിടെ കവര്‍ച്ചയില്‍ പങ്കാളിയല്ല എന്ന് മനസിലായിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങള്‍, ഒറ്റപ്പെട്ട പറമ്പുകള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താവളമടിച്ചിരിക്കുന്ന നാടോടി സംഘങ്ങളെ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.