NEWSWorld

പേജര്‍ ആക്രമണത്തിനു പിന്നാലെ സുരക്ഷാ ഭീഷണി; മോട്ടോറോള ഫോണുകള്‍ നിരോധിച്ച് ഇറാന്‍

തെഹ്റാന്‍: മോട്ടോറോള മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനവുമായി ഇറാന്‍. ഇറക്കുമതി നിരോധിച്ചതിനു പുറമെ ഫോണ്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ലബനാനില്‍ ഇസ്രായേല്‍ നടത്തിയ പേജര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയായാണു നടപടിയെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ‘ടാസ്’ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ വ്യാപാര-വ്യവസായ മന്ത്രി മുഹമ്മദ് മെഹ്ദി ബറാദരന്‍ ആണ് മോട്ടോറോള നിരോധനം പ്രഖ്യാപിച്ചത്. നിരോധനത്തോടെ മോട്ടോറോള ഫോണുകള്‍ക്ക് ഇറാനിലെ ടെലി കമ്മ്യൂണിക്കേഷന്‍ ശൃംഖലകളില്‍ ഇനി രജിസ്റ്റര്‍ ചെയ്യാനുമാകില്ല. പുതിയ പ്രഖ്യാപനത്തിനു പിന്നാലെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളെല്ലാം മോട്ടോറോള ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ‘ഔട്ട് ഓഫ് സ്റ്റോക്ക്’ എന്നാണ് ഇപ്പോള്‍ വെബ്സൈറ്റുകളിലും ആപ്പുകളിലും കാണിക്കുന്നത്.

Signature-ad

അമേരിക്കയിലെ ഷിക്കാഗോ ആസ്ഥാനമായാണ് മോട്ടോറോള പ്രവര്‍ത്തിക്കുന്നത്. 2014ലാണ് ഗൂഗിളില്‍നിന്ന് ചൈനീസ് ബഹുരാഷ്ട്ര ടെക് കമ്പനിയായ ലെനോവോ മോട്ടോയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്. അതേസമയം, ഇറാനിലെ മൊബൈല്‍ ഫോണ്‍ വ്യാപാരരംഗത്ത് ചെറിയ ശതമാനം മാത്രമാണ് മോട്ടോറോളയുള്ളത്. രണ്ടു ശതമാനത്തോളമേ മോട്ടോ ഫോണുകള്‍ ഇറാനില്‍ വില്‍ക്കപ്പെടുന്നുള്ളൂ.

ലബനാന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ നടന്ന സ്ഫോടനത്തിന്റെ തുടര്‍ച്ചയായാണ് നിരോധനമെന്ന് ഇറാന്‍ മൊബൈല്‍ ഫോണ്‍ അസോസിയേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ മഹ്ദി അസ്അദി പ്രതികരിച്ചു. നിലവില്‍ സ്റ്റോക്കിലുള്ള ഫോണുകള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും പുതിയ ഉത്തരവോടെ നിയമവിരുദ്ധമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാര-വ്യവസായ മന്ത്രാലയത്തിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകളും സുരക്ഷാ ഏജന്‍സികളുടെ ശിപാര്‍ശകളുമാണ് സര്‍ക്കാരിനെ ഇത്തരമൊരു നടപടിയിലേക്കു നയിച്ചതെന്നും അബ്ദുല്‍ മഹ്ദി പറഞ്ഞു.

നേരത്തെ വിമാനത്തില്‍ വോക്കി ടോക്കിക്കും പേജറുകള്‍ക്കും ഇറാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മോട്ടോറോള വിലക്കിനു പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. മോട്ടോറോള ഫോണുകളുടെയും പേജറുകളുടെയും രൂപകല്‍പനയിലെ സാമ്യതയുമായി ബന്ധപ്പെട്ട് നേരത്തെ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചില ഇറാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തോടും മോട്ടോറോള നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മോട്ടോറോളയുടെ ഡിജിറ്റല്‍ ഉല്‍പന്നങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ഇവര്‍ മന്ത്രാലയത്തിനും ഇറാന്റെ പാസീവ് ഡിഫന്‍സ് ഓര്‍ഗനൈസേഷനും മുന്‍പാകെ ഉയര്‍ത്തുകയും ചെയ്തിരുന്നു. മോട്ടോ ഫോണുകള്‍ സുരക്ഷാ ഭീഷണിയാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്.

ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വ്യാപാര-വ്യവസായ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയത്. അതേസമയം, നിരോധനത്തെ കുറിച്ച് മോട്ടോറോള ഇതുവരെ പ്രതികരിച്ചിട്ടില്ല. മാതൃകമ്പനിയായ ലെനോവോയും നടപടിയില്‍ വിശദീകരണമൊന്നും പുറത്തിറക്കിയിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: