KeralaNEWS

അന്യായമായി വെട്ടിപ്പിടിക്കുന്നതൊന്നും നാം ഒപ്പം കൊണ്ടുപോകുന്നില്ല, അത്യാർത്തി ജീവിതത്തെ തച്ചുടയ്ക്കും

വെളിച്ചം

      ആ നാട്ടിലെ അന്യായ പലിശക്കാരനാണ് അയാള്‍. ഒരിക്കല്‍ ഒരു വൃദ്ധ തന്റെ ആകെയുളള കൃഷിയിടം പണയം വെച്ച് അയാളില്‍ നിന്നും കുറച്ച് പണം വാങ്ങി. ആ തുകയുടെ ഇരട്ടി അടച്ചിട്ടും അയാള്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായില്ല.

Signature-ad

വൃദ്ധ കോടതിയില്‍ പോയെങ്കിലും രേഖകളെല്ലാം അയാള്‍ക്കനുകൂലമായിരുന്നതുകൊണ്ട് വൃദ്ധ അവിടെയും തോറ്റു. പലിശക്കാരൻ കൃഷിടത്തില്‍ നിന്നും തന്നെ പുറത്താക്കാന്‍ വന്നപ്പോള്‍ അവര്‍ ഒരുകാര്യം ആവശ്യപ്പെട്ടു. ഒരു ചാക്ക് മണ്ണ്… അയാള്‍ അത് സമ്മതിച്ചു. ഒരു ചാക്ക് നിറയെ മണ്ണ് നിറച്ചെങ്കിലും ആ ചാക്ക് പൊക്കിക്കൊണ്ടു പോകാന്‍ ആ വൃദ്ധക്ക് സാധിച്ചില്ല. അവര്‍ അയാളുടെ സഹായം തേടി.

“ചാക്കില്‍ മണ്ണ് നിറയ്ക്കുന്നതിന് മുമ്പ് ഇതൊക്കെ ആലോചിക്കണ്ടേ…?”
അയാള്‍ ചോദിച്ചു.

അപ്പോള്‍ വൃദ്ധപറഞ്ഞു:

“ഈ മണ്ണ് മുഴുവന്‍ എന്റെതായിരുന്നു. പക്ഷേ, ഒരു ചാക്ക് പോലും കൊണ്ടുപോകാന്‍ എനിക്ക് സാധിച്ചില്ല. മറ്റുളളവരുടെ വെട്ടിപ്പിടിച്ചതാണ് നിങ്ങളുടെ ഭൂമി മുഴുവന്‍. മരിച്ചുപോകുമ്പോള്‍ നിങ്ങളിതെല്ലാം എങ്ങിനെ കൊണ്ടുപോകും…?”
അവരുടെ ചോദ്യം കേട്ട് അയാള്‍ തലതാഴ്ത്തി.

അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ മൂന്ന് പടികളിലൂടെയാണ് ഓരോരുത്തരും ജീവിതത്തിന്റെ ഗോവണി കയറിയിറങ്ങുന്നത്. ചിലര്‍ ഒന്നിലും തൃപ്തരാകില്ല. തൃപ്തരായാല്‍ തന്നെ കൂടുതല്‍ മെച്ചപ്പെട്ട മറ്റൊന്ന് കാണുന്നതുവരെ മാത്രമാണ് അത്.

എത്ര നേടിയാലും പക്ഷേ ചിലർക്ക് സംതൃപ്തി ഉണ്ടാവില്ല. എന്നാൽ ഇതൊന്നും നാം ഒപ്പം കൊണ്ടുപോകുന്നില്ല എന്ന് ആലോചിക്കുന്നില്ല പലരും. അത്യാർത്തി ജീവിതത്തെ തകർത്തു കളയും. ആ സത്യം തിരിച്ചറിഞ്ഞാൽ സന്തോഷവും സമാധാനവും സ്വഭാവികമായി വന്നു ചേരും.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: