NEWSWorld

എത്രയും വേഗം റിട്ടയർ ചെയ്ത്  സുഖമായി ജീവിക്കൂ; പുതു തലമുറയുടെ ഹരമായി മാറിയ  ‘ഫയർ’ എന്താണ് എന്നറിയുക

ലൈഫ്‌സ്റ്റൈൽ

സുനിൽ കെ ചെറിയാൻ

Signature-ad

     ‘ഫയർ’ എന്നൊരു കാഴ്ചപ്പാട്  ലോകത്ത് പടർന്ന് വരികയാണ്. ഫൈനാൻഷ്യൽ ഇൻഡിപെൻഡൻസ്, റിട്ടയർ ഏർലി എന്നതിന്റെ ചുരുക്കപ്പേരാണ് ഫയർ. സാമ്പത്തിക സ്വാതന്ത്ര്യവും ജോലിയിൽ നിന്നും നേരത്തേയുള്ള വിരമിക്കലുമാണ് പരിപാടി. ജീവിതകാലം മുഴുവൻ ജോലിക്കു വേണ്ടി നഷ്ടപ്പെടുത്തി വലുതായൊന്നും നേടാനില്ലാതെ ‘സംപൂജ്യരാവാൻ’
പുതിയ തലമുറയെ കിട്ടില്ല. എളുപ്പവഴിയിൽ ക്രിയ ചെയ്യുന്നവരുടെ സംഖ്യ വർദ്ധിക്കുന്നു.

ഉയർന്ന ശമ്പളം വാങ്ങി, അടിസ്ഥാന ആർഭാടങ്ങൾ നേരത്തേ നേടിയവരല്ല ‘ഫയർ’ ഫാൻസുകാർ. ഇടത്തരം ജീവിതസാഹചര്യങ്ങൾ ഉള്ളവരാണ് ഈ പ്രസ്ഥാനത്തിന് പച്ചക്കൊടി ഏന്തിയ വരിൽ ഏറെയും. പകലന്തിയോളം പണിയെടുത്ത് വീട്ടിൽ വരുമ്പോൾ, ഉറങ്ങുന്ന കുഞ്ഞുങ്ങളെ കാണാൻ ഇക്കൂട്ടരെ കിട്ടില്ല. അത്യാവശ്യത്തിന് സമ്പാദിക്കുക; ശിഷ്‌ടം സ്വന്തം ജീവിതത്തിന് കൊടുക്കുക എന്നതാണ് ഇവരുടെ ഫിലോസഫി.

അലൻ വോങ്ങ് എന്നൊരാളുടെ കഥ കേൾക്കൂ. ചൈനയിൽ വേരുകളുള്ള അലന്റെ കുടുംബത്തിൽ നിന്നാരംഭിക്കുന്നു ‘ഫയർ’ പ്രസ്ഥാനത്തിന്റെ കനൽ. അലന്റെ മുത്തച്ഛൻ ദാരിദ്ര്യം മൂലം അലന്റെ അച്ഛനെ  പയ്യനായിരിക്കുമ്പോഴേ സർക്കാർ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളിൽ പണിക്ക് വിട്ടു. പണി ചെയ്‌ത്‌ മടുത്ത അയാൾ ചൈനയിൽ നിന്നും രക്ഷപെട്ടത് നദിയിലൂടെ നീന്തി ഹോങ്കോങ്ങിൽ എത്തിയാണ്. അവിടെ നിന്ന് അയാൾ അമേരിക്കയിലേയ്ക്ക് ഒരു വിസ സംഘടിപ്പിക്കുന്നു.

ഈ പഞ്ഞം പിടിച്ച കഥ കേട്ടാണ് അലൻ വളർന്നു വന്നത്. അലൻ പിന്നെ തൻ്റെ അച്ഛനെ തോൽപ്പിക്കാതിരിക്കുമോ? പൊതുജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പുകൾ, സുരക്ഷാ സംവിധാനങ്ങൾ വാർത്തയായി കൊടുക്കുന്ന പോലീസ് സ്‌കാനർ ആപ്പ് വികസിപ്പിച്ചെടുത്ത അലൻ തൻ്റെ 25-ാം വയസ്സിൽ റിട്ടയർ ചെയ്‌തു. ഇപ്പോൾ പരിപാടി ഫയർ പ്രസ്ഥാനം പ്രചരിപ്പിക്കുന്ന ഇൻഫ്ളുവൻസർ.

ശരിയാണ്, അലൻ ഒറ്റപ്പെട്ട പ്രതിഭാസമാണ്. എല്ലാവരും ചക്കയിട്ടാൽ മുയൽ ചാവണമെന്നില്ല. സാധാരണക്കാർക്ക് ‘ഫയർ’ കൊടുക്കുന്ന ഉപദേശം ഇതാണ്:

‘വരുമാനമുള്ള കാലത്ത് അത് മുഴുവൻ കത്തിച്ചു കളയാതെ വയർ മുറുക്കി ജീവിച്ച് വരുമാനത്തിന്റെ സിംഹഭാഗം ഫലപ്രദമായ ഇടങ്ങളിൽ നിക്ഷേപിക്കുന്ന പ്ലാനിങ്ങ്.’

മറ്റൊന്ന് കൺസ്യൂമറിസം ഉപേക്ഷിക്കുക എന്നത്. ആവശ്യമില്ലാത്തതെല്ലാം വാങ്ങിക്കൂട്ടി വലിച്ചെറിയുന്ന പ്രവണത വേണ്ട എന്നതാണ് മന്ത്രം.

ഓരോരുത്തരുടെയും ജീവിതച്ചെലവ് നിയന്ത്രിക്കുന്നത് അവരവർ തന്നെയാണ്. അവനവന്റെ ട്രൗസർ അവനവൻ തയ്പ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: