കണ്ണൂര്‍: ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് എല്‍.ഡി.എഫ്. കണ്‍വീനറും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍. കണ്ണൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം.
ഇ.പി.ജയരാജന്‍ ബി.ജെ.പി.യില്‍ ചേരാന്‍ ചര്‍ച്ചനടത്തിയതായി ആരോപിച്ച് ശോഭാ സുരേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വെളിപ്പെടുത്തലിനു പിന്നാലെ തന്റെ സാന്നിധ്യത്തില്‍ പ്രകാശ് ജാവഡേക്കര്‍, ഇ.പി. ജയരാജനെ കണ്ടുവെന്ന് ദല്ലാള്‍ നന്ദകുമാറും വെളിപ്പെടുത്തി. ജാവഡേക്കറെ കണ്ട വിവരം ജയരാജന്‍ വോട്ടെടുപ്പുദിവസം സമ്മതിക്കുകയും ചെയ്തിരുന്നു.
അടിസ്ഥാനരഹിത ആരോപണമുന്നയിച്ച ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ജയരാജന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ശോഭാ സുരേന്ദ്രനെക്കൂടാതെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എം.പി., ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരേ ജയരാജന്‍ ഡി.ജി.പി.ക്കു പരാതി നല്‍കിയിരുന്നു.