KeralaNEWS

കായല്‍ മത്സ്യങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന വിഷാംശം; തീന്‍േമശയിലെ താരങ്ങളും സംശയനിഴലില്‍

കൊച്ചി: കൊച്ചി കായലിലെ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘനലോഹ മാലിന്യങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ പഠനം. വ്യവസായ മേഖലയില്‍നിന്ന് തള്ളുന്ന മാലിന്യങ്ങളാണ് ഈ ഭീഷണി സൃഷ്ടിക്കുന്നത്.

മത്സ്യവിഭവങ്ങളിലെ ഉയര്‍ന്ന കാഡ്മിയം സാന്നിദ്ധ്യവും ഇവയുടെ ദീര്‍ഘകാല ഉപയോഗവും ക്യാന്‍സറിന് കാരണമായേക്കുമെന്ന് മലിനീകരണസൂചിക മുന്‍നിറുത്തി ഗവേഷകര്‍ മുന്നറിയിപ്പുനല്‍കി. കായല്‍ജലത്തിലും അടിത്തട്ടിലെ മണ്ണിലും മത്സ്യങ്ങളിലും സിങ്കിന്റെ അളവാണ് ഏറ്റവും കൂടുതല്‍. സിങ്ക്, കാഡ്മിയം, ക്രോമിയം ഉള്‍പ്പെടെ വിവിധലോഹങ്ങള്‍ വിഷാംശപരിധികവിഞ്ഞ് കാണപ്പെടുന്നതായും പഠനത്തില്‍ പറയുന്നു.

Signature-ad

കായലില്‍ സാധാരണയായി കാണപ്പെടുന്ന മണങ്ങ്, കായല്‍കട്ല, കരിമീന്‍, പൂളമീന്‍, നച്ചുകരിമീന്‍, ചുണ്ടന്‍കൂരി, കരിപ്പെട്ടി, കണമ്പ്, പൂഴാന്‍, പാര, കാരച്ചെമ്മീന്‍, കാവാലന്‍ ഞണ്ട്, കറുത്തകക്ക തുടങ്ങിയ ഭക്ഷ്യയോഗ്യമായ ജലജീവികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.

കുസാറ്റ് സീനിയര്‍ പ്രൊഫസറും കണ്ണൂര്‍ സര്‍വകലാശാല വി.സിയുമായ ഡോ. എസ്. ബിജോയ് നന്ദന്റെ നേതൃത്വത്തില്‍ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കായലിലെ വെള്ളം, എക്കല്‍ മണ്ണ്, മത്സ്യവിഭവങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഘനലോഹങ്ങളുടെ തോത് വിലയിരുത്തി. പഠനം ടോക്സിക്കോളജി ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം, ലോഹമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് മുഖ്യ ഗവേഷകയും കുസാറ്റിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോയുമായ നീതു പറഞ്ഞു.

 

Back to top button
error: