മലപ്പുറം: ഇ.വി.എമ്മിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിന് വയോധികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. മലപ്പുറം വളാഞ്ചേരി പൊലീസാണ് അബ്ദു സമദ് എന്ന 64കാരനെതിരെ കേസ് എടുത്തത്.
പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനായി പ്രവര്‍ത്തിക്കുകയും ആണെന്ന വിമര്‍ശനമാണ് അബ്ദു സമദ് ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ചത് . നിരവധി പേര്‍ പങ്കുവെച്ച അതെ പോസ്റ്റാണ് 64 കാരനായ അബ്ദു സമദും പങ്ക് വെച്ചത് .
വളരെ കുറഞ്ഞ ആളുകള്‍ മാത്രം കണ്ട ഫെയ്‌സ്ബുക്ക് പോസിറ്റിന് എതിരെ സ്വമേധയാ പൊലീസ് കേസ് എടുത്തു. കേരള പൊലീസ് ആക്റ്റിലെ 120 (ഒ) വകുപ്പും , ഐ.പി.സിയിലെ 153ഉം കൂടാതെ, ജനപ്രാതിനിധ്യ നിയമത്തിലെ 125ഉം കൂടി ചുമത്തി . ജാമ്യമില്ലാ വകുപ്പായതിനാല്‍ പൊലീസ് അറസ്റ്റ് ചെയ്യാനും ശ്രമിച്ചു.
40 വര്‍ഷം പ്രവാസിയായ അബ്ദുസമദ് കന്നി വോട്ടാണ് ഇത്തവണ ചെയ്തത്. ഇദ്ദേഹത്തിന് എതിരെയാണ് ഇലക്ഷന്‍ കമ്മീഷന് അവമതിപ്പുണ്ടാക്കി, ഇലക്ഷന്‍ പ്രക്രിയയുടെ വിശ്വാസ്യത തടസപ്പെടുത്തി തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് കേസ് എടുത്തതെന്ന് അബ്ദു സമദിന്റെ അഭിഭാഷകന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ അബ്ദുസമദ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.