ലണ്ടന്‍: ഹീത്രൂവില്‍ നിന്ന് മ്യൂണിക്കിലേക്കുള്ള ബ്രിട്ടിഷ് എയര്‍വേയ്സ് വിമാനത്തില്‍ മദ്യപിച്ച് ഭാര്യയെ ആക്രമിച്ചുവെന്ന ആരോപണം ഗ്ലാമര്‍ മോഡലും പോപ്സ്റ്റാറുമായ സാമന്ത ഫോക്സ് (57) നിഷേധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 3 നാണ് സാമന്ത ഭാര്യ ലിന്‍ഡ ഓള്‍സനെ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് വിമാനം നിശ്ചയിച്ച സമയം കഴിഞ്ഞാണ് ടേക്ക് ഓഫ് ചെയ്തത് . കേസില്‍ സാമന്ത ഫോക്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥയെ മദ്യലഹരിയിലായിരുന്ന സാമന്ത ഭീഷണിപ്പെടുത്തി.
അക്സ്ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വേളയില്‍ സാമന്ത ഫോക്സ് മദ്യപിച്ച് വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയതും പൊലീസ് കോണ്‍സ്റ്റബിള്‍ ആഷ്ലി സ്മിത്തിനെ ഭീഷണിപ്പെടുത്തിയതും സമ്മതിച്ചു. അതേസമയം, ഭാര്യ ലിന്‍ഡ ഓള്‍സനെ ആക്രമിച്ചുവെന്ന് കുറ്റം നിഷേധിച്ചു. ഇനി സെപ്റ്റംബര്‍ രണ്ടിന് സാമന്തയെ കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കും.കഴിഞ്ഞ വര്‍ഷം സഹോദരി വനേസ ഹൃദയാഘാതം മൂലം പെട്ടെന്ന് മരണമടഞ്ഞത് സാമന്ത ഫോക്സിനെ മാനസികമായി തളര്‍ത്തിയിരുന്നു.
മുന്‍ പങ്കാളിയായ മൈറ സ്ട്രാറ്റണ് കാന്‍സര്‍ ബാധിച്ച് മരിച്ച് ഒരു വര്‍ഷത്തിന് ശേഷം 2016 ലാണ് സാമന്ത ഫോക്സ് ലിന്‍ഡ ഓള്‍സനുമായി ഡേറ്റിങ് ആരംഭിച്ചത്. 2022 ജൂണില്‍ എസെക്സിലെ എപ്പിങ് ഫോറസ്റ്റിലുള്ള കിങ്സ് ഓക്ക് ഹോട്ടലില്‍ നടന്ന ആഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.