ലണ്ടന്‍: ഒരു പൗണ്ട് പോലും ശമ്പളം നല്‍കാതെ 16 വര്‍ഷത്തോളം സ്ത്രീയെ വീട്ടുജോലി ചെയ്യിച്ച പ്രതിക്ക് ജയില്‍ ശിക്ഷ തുടരവേ അര്‍ഹമായ ശിക്ഷയും. 16 വര്‍ഷത്തോളം ശമ്പളം നല്‍കാതെ ഇരയെ നിയന്ത്രിച്ച് ജോലി ചെയ്യിച്ച ക്രൂരതയ്ക്ക് സ്വന്തം വീട് വിറ്റ് 200,000 നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. വെസ്റ്റ് സസെക്സിലെ വര്‍ത്തിങിലുള്ള വീടാണ് ഫര്‍സാന കൗസര്‍ എന്ന സ്ത്രീക്ക് ജയില്‍ ശിക്ഷ തുടരവേ വില്‍ക്കേണ്ടി വന്നത്. പാചകം, വൃത്തിയാക്കല്‍, കുട്ടികളെ നോക്കല്‍ എന്നിങ്ങനെയുള്ള ജോലികളാണ് ഫര്‍സാന കൗസര്‍ ഇരയെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നത്.
ശാരീരികവും, മാനസികവും, സാമ്പത്തികവുമായി ചൂഷണം ചെയ്തതിന് പുറമെ പാസ്പോര്‍ട്ടും, സാമ്പത്തികവും ഫര്‍സാന കൗസറാണ് നിയന്ത്രിച്ചിരുന്നത്. ഇരയുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്നും ഫര്‍സാന കൗസറാണ് പണം പിന്‍വലിച്ചിരുന്നത്. ഇരയുടെ പേരില്‍ ബെനഫിറ്റുകള്‍ കൈക്കലാക്കി. ഫര്‍സാന കൗസറിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തിയതായിരുന്നു ഇരയായ സ്ത്രീ. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലാക്കിയതോടെ ഇരയെ തന്റെ ജോലിക്കാരിയാക്കി മാറ്റിയ ഫര്‍സാന കൗസര്‍ 16 വര്‍ഷം ഇവരെ അടിമയെ പോലെ പണിയെടുപ്പിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2019 മേയിലാണ് സസെക്സ് പൊലീസ് ഫര്‍സാന കൗസറിനെ അറസ്റ്റ് ചെയ്യുന്നത്. തനിക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ ഇരയെ നിര്‍ബന്ധിച്ച് കത്തെഴുതിക്കാനും ഫര്‍സാന കൗസര്‍ ശ്രമിച്ചു. എന്നാല്‍, 2022 ഡിസംബറില്‍ ആറ് വര്‍ഷവും, എട്ട് മാസവും കോടതി ശിക്ഷ വിധിച്ചതോടെ ഫര്‍സാന കൗസര്‍ അകത്തായി. ഒടുവില്‍ ചൂഷണത്തിലൂടെ കൈക്കലാക്കിയ പണം തിരികെ നല്കാന് ഇപ്പോള്‍ സ്വന്തം വീട് വില്‍ക്കേണ്ട അവസ്ഥയിലും എത്തി. 2,05,000 പൗണ്ടാണ് ഇരയ്ക്ക് നല്‍കേണ്ടി വന്നത്.