”ഞാനായിരുന്നു സില്‍ക്ക് സ്മിതയുടെ കഴുത്തില്‍ താലികെട്ടിയത്; അമ്മയാകാനുള്ള ആഗ്രഹം ഉള്ളില്‍ കൊണ്ടുനടന്നയാളാണ്”
ഭൂരിഭാഗവും വില്ലന്‍ വേഷങ്ങളാണ് ചെയ്തതെങ്കിലും മനോഹരമായ ഗാനരംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ച നടനാണ് മധുപാല്‍. കാശ്മീരത്തിലെ പാട്ട് ഇന്നും കാണുമ്പോള്‍ പ്രിയ രാമനെ നോക്കണോ മധുപാലിനെ നോക്കണോ സീനറി നോക്കണോ, അതോ കണ്ണടച്ച് പാട്ട് കേള്‍ക്കണോ എന്നൊക്കയുള്ള സംശയങ്ങളാണ് ഏതൊരു സിനിമാപ്രേമിക്കും ഉണ്ടാവുക. നടനേക്കാളുപരി എഴുത്തുകാരനും സംവിധായകനുമാണ് മധുപാല്‍. മികച്ച നിരവധി ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്.
തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന് എന്നീ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചതും മധുപാലാണ്. ഇപ്പോഴിത ഇന്ത്യന്‍ സിനിമയുടെ മാദക സൗന്ദര്യമെന്ന് അറിയപ്പെടുന്ന പകരക്കാരില്ലാത്ത കലാകാരി സില്‍ക്ക് സ്മിതയെ കുറിച്ച് മധുപാല്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പള്ളിവാതുക്കല്‍ തൊമ്മിച്ചനെന്ന സിനിമയില്‍ മധുപാലിന്റെ ഭാര്യ വേഷം ചെയ്തത് സില്‍ക്ക് സ്മിതയായിരുന്നു.
അഭിമുഖത്തില്‍ സില്‍ക്ക് സ്മിതയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം മധുപാല്‍ പങ്കിട്ടു. ”സില്‍ക്ക് സ്മിത എന്റെ കൂടെ കുറച്ചുനാള്‍ അഭിനയിച്ച സ്ത്രീയാണ്. അവര്‍ എന്നോട് കുറേ കാര്യങ്ങള്‍ പറഞ്ഞു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും ഒരു വധുവായിട്ട് വരണമെന്നുള്ളത്. അത് എന്റെ കൂടെയാണ് സാധിച്ചത്.
ഞാനായിരുന്നു അവരുടെ കഴുത്തില്‍ താലികെട്ടിയത്. എന്റെ കൈ പിടിച്ച് അവര്‍ പറഞ്ഞിരുന്നു ജീവിതത്തില്‍ ഒരിക്കലും ഇങ്ങനൊരു സീനുണ്ടാകുമോയെന്ന് തോന്നിയിട്ടില്ല. പക്ഷെ സിനിമയിലെങ്കിലും ഇങ്ങനൊരു സീന്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന്. അത് ചെയ്തതിന് താങ്ക്സ് പറഞ്ഞുകൊണ്ടാണ് അവര്‍ എന്നോട് സംസാരിച്ചത്.
ഏറ്റവും കൂടുതല്‍ കാശ് വാങ്ങിക്കുന്ന അഭിനേത്രിയായി മാറിയപ്പോള്‍ പോലും അവരുടെ ഉള്ളില്‍ അമ്മയാകാനുള്ള ആഗ്രഹം കൊണ്ടുനടന്നയാളാണ്. അത് നമുക്ക് തിരിച്ചറിയാന്‍ കഴിയും അവരുടെ പെരുമാറ്റത്തില്‍ നിന്നും. ഞാന്‍ ആ അമ്മയെ കണ്ടിട്ടുണ്ട്. അവരുടെ ജീവിതത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയ ഒരു കാര്യമതായിരുന്നു.
നിങ്ങളോട് ആയതുകൊണ്ടാണ് സംസാരിച്ചത് ഇത്രയും തുറന്ന് വേറെ ആരോടും സംസാരിക്കാന്‍ തോന്നിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്തശേഷമാണ് അവരോട് ഞാന്‍ സംസാരിച്ചത്. അത് കഴിഞ്ഞ് കുറച്ച് മാസം കഴിഞ്ഞപ്പോള്‍ അവര്‍ മരിക്കുകയും ചെയ്തു” -മധുപാല്‍ പറഞ്ഞു. വ്യത്യസ്ത നായകന്മാരുമായി ഏറ്റവും കൂടുതല്‍ അഭിനയിച്ച നടിയാണ് സില്‍ക്ക് സ്മിത.
മലയാളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ സില്‍ക്കിനോളം ഈ ഒരു നേട്ടം നേടാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടുണ്ടാവില്ല. അന്നത്തെ പഴയ തലമുറയിലും പുതിയ തലമുറയിലും പെട്ട നായകന്മാര് ഉള്‍പ്പെടെ നീണ്ട് സമ്പന്നമാണ് സില്‍ക്കിന്റെ നായകനിര.
സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം ഹാസ്യതാരങ്ങളായ ജഗതിയും ഇന്നസെന്റും വിജയരാഘവനും അടങ്ങുന്നു ആ ലിസ്റ്റില്‍. ഇന്നും സില്‍ക്കിന്റെ വേര്‍പാട് ഒരു തീരാനഷ്ടമായാണ് സിനിമ ലോകം കാണുന്നത്.