Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

വെല്ലുവിളിച്ച് സാബു എം. ജേക്കബ് പറഞ്ഞത് പാതി സത്യം; ആവശ്യപ്പെട്ടത് അഞ്ചുവര്‍ഷത്തെ ബാലന്‍സ് ഷീറ്റ്, വിദേശ നിക്ഷേപം സ്വീകരിച്ചതിന്റെ വിവരങ്ങള്‍, മൊഴി; എന്‍ഫോഴ്‌സ്‌മെന്റ് അയച്ച സമന്‍സിന്റെ പകര്‍പ്പ് പുറത്ത്; ബിജെപിക്കൊപ്പം ചേര്‍ന്നത് തടിയൂരാന്‍ തന്നെയോ?

കൊച്ചി: തനിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്ലെന്നും ഉണ്ടെന്നു തെളിയിച്ചാല്‍ നൂറുകോടി നല്‍കാമെന്നുമുള്ള കിറ്റക്‌സ് എംഡി സാബു എം. ജേക്കബിന്റെ വാദം പൊളിയുന്നോ? 2023 വിദേശ വിനിമയ ചട്ട ലംഘനത്തിന്റെ പേരില്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു ഇഡി നല്‍കിയ സമന്‍സിന്റെ പകര്‍പ്പാണ് ഇപ്പോള്‍ ഒരു വാര്‍ത്താചാനല്‍ പുറത്തുവിട്ടത്. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2025 മേയ് 7ന് ആണ് സമന്‍സ് അയച്ചത്.

സാബു എം. ജേക്കബ്, സണ്‍ ഓഫ് എം.സി. ജേക്കബ്, മേക്കംകുന്നേല്‍ ഹൗസ്, കിഴക്കമ്പലം, എറണാകുളം എന്ന വിലാസത്തിലാണ് സമന്‍സ്. മൂന്നുവട്ടം സമന്‍സ് അയച്ചിട്ടും കിറ്റക്‌സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് ഹാജരായതെന്നും പറയുന്നു. പാസ്‌പോര്‍ട്ട്, ആധാര്‍കാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, അഞ്ചുവര്‍ഷത്തെ ബാലന്‍സ് ഷീറ്റ്, കയറ്റുമതിയുമായി ബന്ധപ്പെട്ട് ലഭിക്കാനുള്ള തുകയുടെ വിവരങ്ങള്‍, ബാങ്കില്‍ സമര്‍പ്പിക്കാനുള്ള ‘ബില്‍ ഓഫ് എന്‍ട്രി’ സംബന്ധിച്ച വിവരങ്ങള്‍,
വിദേശ നിക്ഷേപം സ്വീകരിച്ചതും അത് എന്തിനായി ഉപയോഗിച്ചു എന്നുമുള്ള വിവരങ്ങള്‍, ഒരു വര്‍ഷത്തിലേറെയായിട്ടും കയറ്റുമതി നടത്താത്ത, ഉപയോഗിക്കാത്ത കയറ്റുമതി അഡ്വാന്‍സ് തുകയുടെ വിവരങ്ങള്‍ എന്നിവയും കൊണ്ടുവരണമെന്നായിരുന്നു ആവശ്യം.

Signature-ad

സാബു ജേക്കബിന്റ ട്വന്റി20 പാര്‍ട്ടി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ ചേര്‍ന്നതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കം. ഇഡി നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണ് മുന്നണിയില്‍ ചേര്‍ന്നതെന്ന വിവാദം ഉയര്‍ന്നതോടെ നോട്ടീസ് ലഭിച്ചില്ലെന്ന വാദവുമായി അദ്ദേഹം രംഗത്തുവന്നു. ഇ ഡിയുടെ നോട്ടീസ് തനിക്ക് ലഭിച്ചെങ്കിലും ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ ബാലന്‍സ് ഷീറ്റാണ് ഇ ഡി ആവശ്യപ്പെട്ടതെന്നുമായിരുന്നു സാബു ജേക്കബിന്റെ വിശദീകരണം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തന്നോട് ഇഡി ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ ഫെമ നിയമം ലംഘിച്ചുവെന്ന് തെളിയിച്ചാല്‍ കിറ്റക്സ് കമ്പനി എഴുതിത്തരാമെന്നും ഒരു വാര്‍ത്താ ചാനലിനോടു വെല്ലുവിളിച്ചു. ബാലന്‍സ് ഷീറ്റിന്റെ വിവരം ചോദിച്ചു എന്ന അര്‍ധസത്യമാണ് സാബു ജേക്കബ് പറഞ്ഞത്. കൃത്യമായ കാരണങ്ങളില്ലാതെ ഹാജരാകാതിരുന്നാല്‍ ആദായനികുതി നിയമം, ഫെമ നിയമം എന്നിവ പ്രകാരം പതിനായിരം രൂപ പിഴ ചുമത്താവുന്നതാണ് എന്ന നോട്ടീസിലെ വിവരം അദ്ദേഹം വിഴുങ്ങി.

ചില ചാനലുകള്‍ ചില രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് കിറ്റെക്‌സിനെതിരെ വാര്‍ത്ത നല്‍കിയതെന്നും ഇത്തരം കാര്യങ്ങള്‍ ചോര്‍ത്തി കൊടുക്കുന്ന ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു. തങ്ങള്‍ മാലിന്യമുണ്ടാക്കുന്നുവെന്ന് പറഞ്ഞ അന്തരിച്ച മുന്‍ എംഎല്‍എ പി.ടി. തോമസിന് 100 കോടി രൂപയുടെ നോട്ടീസാണ് താന്‍ കൊടുത്തത്. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ പിടിച്ച് അകത്തിട്ടേനെ എന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു. എന്നാല്‍, സമന്‍സ് പുറത്തുവന്നതിനു പിന്നാലെ 100 കോടി നല്‍കുമോ എന്ന ട്രോളുമായി സോഷ്യല്‍ മീഡിയയും രംഗത്തുവന്നിട്ടുണ്ട്.

#TrendingKerala, #MalayalamNews, #LatestUpdates, #KitexControversy, #EDNotice, #FinancialNewsKerala, #Kizhakkambalam, #KitexGroup.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: