‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’; എപ്‌സ്റ്റീന്‍ ഫയലില്‍ കുരുങ്ങി ലോകത്തെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ ഡിപി വേള്‍ഡ് തലവന്‍; കസേരയും തെറിച്ചു

ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ചിത്രവും ഇടപാടുകളും പുറത്തുവന്നതോടെ ലോകത്തിലെ ഏറ്റവും വലിയ തുറമുഖ കമ്പനികളില്‍ ഒന്നായ ഡി.പി വേള്‍ഡ് തലവന്റെ കസേര തെറിച്ചു. ദുബായ്യെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ് ആക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെമിനെയാണ് പുറത്താക്കിയത്.
ജെഫ്രി എപ്സ്റ്റീനൊപ്പം സുല്‍ത്താന്‍ സുലായെം വീട്ടിലെ അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങളാണ് പുറത്തുവന്നത്. എപ്സ്റ്റീന്‍ രേഖകളില്‍ ഇദ്ദേഹത്തിന്റെ പേര് 9400 തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എപ്സ്റ്റീനുമായുള്ള ഇമെയില്‍ സംഭാഷണങ്ങളില്‍ ദുബായ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിനിയുമായുള്ള ലൈംഗികബന്ധത്തിന്റെ വര്‍ണനകള്‍ വരെയുണ്ട്. ‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’ എന്നാണ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം ഇതേപ്പറ്റി എപ്സ്റ്റീനോട് പറയുന്നത്. ഇത്തരത്തില്‍ വ്യക്തിപരവും ഔദ്യോഗികവും ആയ ഒട്ടേറെക്കാര്യങ്ങള്‍ ഇദ്ദേഹം ജെഫ്രി എപ്സ്റ്റീനുമായി പങ്കുവച്ചിട്ടുണ്ടെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.
ഒരുദശകത്തിനിടെ നൂറുകണക്കിന് ഇമെയിലുകളാണ് ഇരുവരും പരസ്പരം അയച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം രാജിവച്ച വിവരം വെള്ളിയാഴ്ചയാണ് ഡിപി വേള്‍ഡ് അടിയന്തര വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. പകരം എസ്സ കസീമിനെ ചെയര്‍മാനായും യുവ്‌രാജ് നാരായണെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായും നിയമിച്ചു. ഡിപി വേള്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്ന് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെമിന്റെ ചിത്രം നീക്കംചെയ്തു.
കൊച്ചി വല്ലാര്‍പാടത്തടക്കം ആറ് ഭൂഖണ്ഡങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന തുറമുഖ, ലോജിസ്റ്റിക് ശൃംഖലയാണ് ഡിപി വേള്‍ഡിന്റേത്. 40 വര്‍ഷത്തോളം ഈ ബഹുരാഷ്ട്ര കമ്പനിയെ നയിച്ച ആളാണ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം. അഹമ്മദ് ബിന്‍ സുലായെമിന്റെ പേര് എപ്സ്റ്റീന്‍ ഫയല്‍സില്‍ ഉണ്ടെന്ന് വ്യക്തമായതോടെ യുകെ ഡവലപ്മെന്റ് ഫിനാന്‍സ് ഏജന്‍സിയും കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഷന്‍ ഫണ്ടായ ലാ കൈസെയും ഡിപി വേള്‍ഡില്‍ നടത്താനിരുന്ന നിക്ഷേപം മരവിപ്പിച്ചു.
ബ്രിട്ടണിലെ പ്രിന്‍സ് ഓഫ് വെയ്ല്‍സ് (വില്യം രാജകുമാരന്‍) നേതൃത്വം നല്‍കുന്ന എര്‍ത്ത് ഷോര്‍ട്ട് പരിസ്ഥിതി പുരസ്‌കാരത്തിന് ഡിപി വേള്‍ഡ് ഫണ്ട് ചെയ്തിരുന്നു. ഇക്കാര്യം എര്‍ത്ത്‌ഷോട്ട് പ്രൈസ് അധികൃതര്‍ യുകെ ചാരിറ്റി കമ്മിഷന് റിപ്പോര്‍ട്ട് ചെയ്തു. എര്‍ത്ത്‌ഷോട്ടിന്റെയും ലണ്ടനിലെ ഡിപി വേള്‍ഡ് പദ്ധതിയുടെയും പരിപാടികളില്‍ വില്യം രാജകുമാരനൊപ്പം അഹമ്മദ് ബിന്‍ സുലായെം പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. ദുബായ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ളയാളെന്നാണ് ബിന്‍ സുലയെമിനെ ജെഫ്രി എപ്സ്റ്റീന്‍ രേഖപ്പെടുത്തുന്നത്.
ഒട്ടേറെ പ്രമുഖ ബിസിനസുകാരെയും രാഷ്ട്രീയക്കാരെയും എപ്സ്റ്റീന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെമിനെ പരിചയപ്പെടുത്തിയതിനും തെളിവുണ്ട്. എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട് മൂന്നു ദശലക്ഷം പേജ് രേഖകളും 1,80,000 ഫോട്ടോകളും 2,000 വിഡിയോകളും ആണ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ഇതിലെ പല ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞുകഴിഞ്ഞു.
#DPWorld, #SultanAhmedBinSulayem, #JeffreyEpstein, #EpsteinFiles, #DubaiNews, #DubaiBusiness, #BreakingNews, #KochiNews, #Vallarpadam, #MalayalamNews, #KeralaNews, #BusinessScandal, #WorldNews, #SultanBinSulayem, #DubaiAdmin, #DPWorldNews, #MalayalamUpdates, #EpsteinList, #InternationalNews, #Logistics, #PrinceWilliam, #EarthshotPrize, #CurrentAffairs






