സ്വന്തം പണം ഉപയോഗിച്ചാല്‍ എന്തിനു പിഴ? ബാങ്കുകളുടെ മിനിമം ബാലന്‍സ് കൊള്ളയ്ക്ക് എതിരായ പോരാട്ടത്തിനു പിന്നിലെ മലയാളി ഇതാ; സേവിംഗ് അക്കൗണ്ടിന് നല്കുന്ന പലിശ തുച്ഛം, പിഴയോ ഞെട്ടും; 500 രൂപ വേതനക്കാരിയുടെ അക്കൗണ്ടില്‍ നിന്ന് കൊണ്ടുപോയത് 440 രൂപ
ബംഗളുരുവില്‍ മുളകൊണ്ടുള്ള വീട്ടുപകരണങ്ങള്‍ നിര്‍മിക്കുന്ന 'ബാംബൂപെക്കര്‍' എന്ന സംരംഭമാണു പരമേശ്വരന് നടത്തുന്നത്. ജീവനക്കാര്‍ അക്കൗണ്ടിലേക്കു പണം ഇടേണ്ടന്ന് ആവശ്യപ്പെട്ടതോടെയാണു സര്‍ക്കാരിനു കത്തയച്ചത്.

ബംഗളുരു: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിനു പിഴയീടാക്കുന്ന പരിപാടി രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നിര്‍ത്തിയതിനു പിന്നില്‍ മലയാളിയുടെ നീക്കം. ബംഗളുരുവില്‍ ബിസിനസ് നടത്തുന്ന തിരുവനന്തപുരം വലിയശാല സ്വദേശി പരമേശ്വരന് കൃഷ്ണയ്യരാണ് പാര്‍ലമെന്റ് സമിതിയെ സമീപിച്ചു പിഴയൊഴിവാക്കാനുള്ള നിര്‍ദേശം നേടിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 4817 കോടിയോളമാണ് ബാങ്കുകള്‍ പിഴയായി ഈടാക്കിയത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുമ്പോഴാണ് ആകെയുള്ള പണവും മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ പിടുങ്ങിയത്.
ബംഗളുരുവില്‍ മുളകൊണ്ടുള്ള വീട്ടുപകരണങ്ങള്‍ നിര്‍മിക്കുന്ന ‘ബാംബൂപെക്കര്‍’ എന്ന സംരംഭമാണു പരമേശ്വരന് നടത്തുന്നത്. ജീവനക്കാര്‍ അക്കൗണ്ടിലേക്കു പണം ഇടേണ്ടന്ന് ആവശ്യപ്പെട്ടതോടെയാണു സര്‍ക്കാരിനു കത്തയച്ചത്. പരമേശ്വരന് കൃഷ്ണയ്യര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും കത്തെഴുതിയെങ്കിലും ലോക്സഭാ സ്പീക്കര്‍ക്കു നല്കിയ കത്തില്‍ തന്നെ പാര്‍ലമെന്റ് പെറ്റീഷന്‍സ് കമ്മിറ്റി തീരുമാനമെടുത്തു. മിനിമം ബാലന്‍സില്ലാത്തതില്‍ പിഴ ഈടാക്കരുതെന്ന പാര്‍ലമെന്ററി പെറ്റീഷന്‍സ് കമ്മിറ്റിയുടെ ശിപാര്‍ശ വന്നതോടെ ആറു ബാങ്കുകള്‍ പിന്മാറി.
മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് 2024-25 ല്‍ പൊതുമേഖലാ സ്വകാര്യ മേഖലാ ബാങ്കുകള്‍ പിഴയായി പിരിച്ചെടുത്തത് 4,817.96 കോടി രൂപയാണ്. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തിനിടെയാകട്ടെ മിനിമം ബാലന്‍സിന്റെ പേരില്‍ 12 പൊതുമേഖലാ ബാങ്കുകള്‍ പിരിച്ചെടുത്തത് 8,000 കോടി രൂപയും. ഈ സാഹചര്യത്തിലാണ് എല്ലാ ബാങ്കുകളും അത്തരം പിഴകള്‍ പിരിക്കുന്നത് നിര്‍ത്തണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തത്.
സഹകരണ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും (ആര്‍ആര്‍ബി) ഉള്‍പ്പെടെയുള്ള എല്ലാ ബാങ്കുകള്‍ക്കുമായി ഇതിനായി ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍മിക്കണമെന്ന് ആര്‍ബിഐയോടും ധനകാര്യ വകുപ്പിനോടും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കുന്നതിനുപകരം, സ്ഥിരമായ നിക്ഷേപം നിലനിര്‍ത്തുന്ന ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍, ഫീസ് ഇളവുകള്‍, പലിശ നിരക്കില്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്കി ബാങ്കുകള്‍ അക്കൗണ്ട് ബാലന്‍സ് നിലനിര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കാമെന്നും പെറ്റീഷന്‍സ് കമ്മിറ്റി പറഞ്ഞു.
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്ന ഒരു ഉപഭോക്താവിന് സേവിങ്സ് ബാങ്ക് പലിശ നിരക്ക് മാത്രമേ ലഭിക്കൂ. എന്നാല്‍, മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ലഭിക്കുന്ന പിഴ പലപ്പോളും പലിശയായി ലഭിക്കുന്ന തുകയുടെ 15 മുതല്‍ 20 ഇരട്ടി വരെയാണ്. ലഭിക്കുന്ന പലിശയും ചുമത്തുന്ന പിഴയും തമ്മിലുള്ള ഈ ഗണ്യമായ വ്യത്യാസം അന്യായമാണെന്നും ഉപഭോക്താവിന് സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ബിഹാറിലെ ഒരു വനിതാ തൊഴിലാളിയുടെ അക്കൗണ്ടില്‍ നിന്ന് എംജിഎന്‍ആര്‍ഇജിഎ വേതനമായി നിക്ഷേപിച്ച 500 രൂപയില്‍ 440 രൂപ ബാങ്ക് പിഴയായി ഈടാക്കിയതായി പരാതി പരിശോധിച്ച കമ്മിറ്റി വ്യാഴാഴ്ച ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചപ്പിച്ചിട്ടുണ്ട്. കൂടാതെ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ ഒരു പിതാവ് തന്റെ മകന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച 5,000 രൂപയില്‍ 2,500 രൂപ മറ്റൊരു ബാങ്ക് പിഴ ഈടാക്കിയ സംഭവവും റിപ്പോര്‍ട്ടിലുണ്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ട് ഉടമകളില്‍നിന്ന് പിഴ ഈടാക്കാന്‍ നേരത്തേ ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. പ്രവര്‍ത്തന ചെലവ് കണ്ടെത്താനുള്ള മാര്‍ഗമാണ് പിഴയെന്നായിരുന്നു ബാങ്കുകളുടെ വാദം.
അതേസമയം, പാര്‍ലമെന്ററി പെറ്റീഷന്‍സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ധനമന്ത്രാലയം ജൂണില്‍ കത്തയച്ചതിന് പിന്നാലെ എല്ലാ പൊതുമേഖലാ ബാങ്കുകളും മിനിമം ബാലന്‍സ് ചാര്‍ജുകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരുന്നു. സ്വകാര്യമേഖല ബാങ്കുകള്‍ ഇപ്പോഴും ഈ പിഴ ഈടാക്കുന്നത് തുടരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ സ്വകാര്യ പൊതുമേഖല ബാങ്കുകളും സേവിങ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാതിരിക്കുന്നതിനുള്ള ഏകീകൃത നയം സ്വീകരിക്കണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്.
2020 മാര്‍ച്ച് മുതല്‍ എല്ലാത്തരം സേവിങ്സ് അക്കൗണ്ടുകളിലുമുള്ള പിഴ ഈടാക്കല്‍ എസ്ബിഐ അവസാനിപ്പിച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഏഴ് പൊതുമേഖലാ ബാങ്കുകളും മിനിമം ബാലന്‍സ് ഇല്ലാത്തതിനുള്ള പിഴ പിന്‍വലിച്ചിരുന്നു. യുകോ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയും ഇക്കാര്യം പരിഗണനയിലാണെന്ന് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
#MinimumBalance, #BankingUpdate, #RBI, #FinancialJustice, #MalayaliPride, #ParameswaranKrishnan, #ParliamentaryCommittee, #BankFine, #PublicSectorBanks, #FinanceMinistry, #CommonMan, #SavingsAccount, #ZeroBalance, #IndiaNews, #EconomicReform, #BankingNewsMalayalam, #ConsumerRights, #SocialJustice, #JusticeForAccountHolders






