കൊച്ചി: ഉത്സവസീസണ്‍ അല്ലാതിരുന്നിട്ടും പരീക്ഷക്കാലമായിട്ടും ഫെബ്രുവരിയില്‍ തിയേറ്ററുകള്‍ ഹൗസ്ഫുളായി. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അഞ്ചു കഥാപാത്രങ്ങളുമായി ഭ്രമിപ്പിക്കുന്ന കഥപറഞ്ഞെന്ന പുതുമയാണ് ഭ്രമയുഗത്തിലേക്ക് യുവാക്കളെയും കുടുംബങ്ങളെയും ആകര്‍ഷിച്ചത്. നിറഞ്ഞചിരിയാണ് പ്രേമലുവിന്റെ വിജയത്തിനുപിന്നിലെങ്കില്‍ സൗഹൃദവും സാഹസികതയും ഒരുമിച്ച കാഴ്ചയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ വിജയരഹസ്യം.
ചിത്രം തമിഴ്നാട്ടിലും മികച്ച കളക്ഷന്‍ നേടുകയാണ്. 2023-ല്‍ അന്യഭാഷാചിത്രങ്ങളായിരുന്നു (ജയിലര്‍, ലിയോ, പഠാന്) കേരളത്തില്‍ തരംഗമെങ്കില്‍ 2024-ന്റെ ആദ്യപാദത്തില്‍ത്തന്നെ മലയാള സിനിമയുടെ തിരിച്ചുവരവിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
ഒരുമാസം റിലീസ്ചെയ്ത മൂന്നു മലയാള സിനിമകള്‍, ആ മാസംതന്നെ ആഗോള കളക്ഷനില്‍ 50 കോടി പിന്നിട്ടത് മോളിവുഡില്‍ ആദ്യമായാണ്.
ഒന്‍പതിന് റിലീസ്ചെയ്ത ടൊവിനോയുടെ കുറ്റാന്വേഷണ ചിത്രമായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ 40 കോടി ആഗോള കളക്ഷന്‍ നേടിയതായി നിര്‍മാതാവ് ഡോള്‍വിന്‍ കുര്യാക്കോസ് പറഞ്ഞു. സൂപ്പര്‍ ഹിറ്റ് ആയ പ്രേമലുവിന്റെ തെലുഗു ഡബ് വേര്‍ഷന്‍ മാര്‍ച്ച് എട്ടിന് തിയേറ്ററിലെത്തും. രാജമൗലിയുടെ മകന് എസ്.എസ്. കാര്‍ത്തികേയയാണ് തെലുഗില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.