LocalNEWS

മാണി സാറിന്റെ കല്ലറയില്‍ പൂക്കളര്‍പ്പിച്ച് ചാഴികാടന്റെ പ്രചാരണത്തിന് തുടക്കം

കോട്ടയം: ഏതു പ്രതിസന്ധിയേയും മറികടക്കാന്‍ കെ എം മാണി പകര്‍ന്ന ഊര്‍ജ്ജം എന്നും സഹായിച്ചിരുന്നുവെന്ന് തോമസ് ചാഴികാടന്‍ എംപി. അദ്ദേഹം പകര്‍ന്നു നല്‍കിയ ധൈര്യത്തിലാണ് പൊതുരംഗത്തേക്ക് എത്തിയതെന്നും എംപി പറഞ്ഞു. ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷം പാലായില്‍ കെഎം മാണിയുടെ കബറിടത്തില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷം പ്രതികരിക്കുകയായിരുന്നു തോമസ് ചാഴികാടന്‍ എംപി. 1991ല്‍ തന്റെ ഇളയ സഹോദരന്റെ മരണത്തിന് പിന്നാലെ കെ എം മാണിയാണ് രാഷ്ട്രീയത്തിലേക്ക് തന്നെ കൊണ്ടുവന്നത്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകുമെന്ന് താന്‍ വിചാരിച്ചിരുന്നില്ല.

തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം നിയമസഭയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പരിശീലനവും നല്‍കിയെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു.

Signature-ad

കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പിലും കെ എം മാണിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇത്തവണ ലോക്‌സഭയിലേക്ക് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുകയായിരുന്നു. കെഎം മാണിയുടെ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിച്ച് അദേഹം പ്രാര്‍ത്ഥനയും നടത്തി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി, ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, നേതാക്കളായ ജോസ് ടോം, ടോബിന്‍ കെ അലക്‌സ്, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജോസുകുട്ടി പൂവേലി, രാജേഷ് വാളിപ്ലാക്കല്‍, സണ്ണി അഗസ്റ്റിന്‍, ബൈജു പുതിയിടത്തുചാലില്‍, ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കമായി.

വിവിധ സ്ഥലങ്ങളില്‍ എം പി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പി എംജിഎസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച റോഡുകള്‍ തുറന്നു കൊടുക്കുന്ന പരിപാടികളുടെയും തിരക്കിലാണ് എംപി.

Back to top button
error: