KeralaNEWS

വയനാട്ടില്‍ വന്യജീവി വിളയാട്ടം തുടരുന്നു; കടുവ കൊന്നു പശുവിന്റെ ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിത്തൂക്കി നാട്ടുകാര്‍; ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു; ചൊവ്വാഴ്ച ഉന്നതതലയോഗം

വയനാട്: കോണിച്ചിറയില്‍ കടുവ പശുവിനെ കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് കടുവ പശുവിനെ കടിച്ചുകൊന്നത്. വന്യജീവി ആക്രമണത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അവസ്ഥയാണ്. ചര്‍ച്ചയല്ല പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടകാരുടെ ആവശ്യം. കടുവ കൊന്ന പശുവിന്റെ ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിത്തൂക്കിയാണ് നാട്ടുകാരുടെ പ്രതിഷേധം.

വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. 20ാം തീയതിയാണ് യോഗം. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരും വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Signature-ad

വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു. ചെമ്പ്ര, കുറുവ ദ്വീപ് എന്നീ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് താത്കാലികമായി അടച്ചത്.

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായാണ് പുല്‍പ്പള്ളി ടൗണില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. അയിരക്കണിക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടു. വാഹനത്തിന്റെ റൂഫ് വലിച്ചുകീറുകയും അതിന് മുകളില്‍ റീത്ത് വയ്ക്കുകയും ചെയ്തു.

ഉന്നയിച്ച ആവശ്യങ്ങളില്‍ ഉറപ്പുലഭിച്ചെങ്കില്‍ മാത്രമേ മൃതദേഹം നഗരത്തില്‍നിന്നു വീട്ടിലേക്കു മാറ്റു എന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതിതള്ളണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കുമായി 10 അംഗ കമ്മിറ്റി രൂപീകരിച്ചു. പുല്‍പ്പള്ളി പഞ്ചായത്തിനു മുന്നിലും പ്രതിഷേധമുണ്ടായി. ചര്‍ച്ചയല്ല ആവശ്യം പരിഹാരമാണ് ഇനി വേണ്ടതെന്നാണ് നാട്ടുകാരുടെ ആവശ്യം.

ശനിയാഴ്ച രാവിലെ ആറുമണി മുതലാണ് ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങിയത്. ജില്ലാ കവാടമായ ലക്കിടി, മാനന്തവാടി തുടങ്ങി മിക്ക സ്ഥലങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍, സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്സി എന്നിവയൊന്നും നിരത്തിലിറങ്ങിയിട്ടില്ല. ആശുപത്രി ആവശ്യത്തിനായി പോകുന്ന സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ഹര്‍ത്താലില്‍ എല്ലാ രീതിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

മൃതദേഹം വിലാപയാത്രയായി പാക്കത്തെ വീട്ടില്‍ എത്തിക്കും. പോളിന്റെ വീടിന് സമീപവും വന്‍ ജനാവലിയാണ് തടിച്ചുകൂടിയിരിക്കുന്നത്. രാവിലെ 9.40 ഓടെയാണ് മൃതദേഹം പുല്‍പ്പള്ളിയില്‍ എത്തിച്ചത്. സംസ്‌കാരം വൈകിട്ടു മൂന്നുമണിക്ക് നടക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്തു വയനാട് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ചെറിയമല ജങ്ഷനില്‍ ഡ്യൂട്ടിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകള്‍ക്കു ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പോളിനെ ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചു ചികിത്സ നല്‍കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Back to top button
error: