കോട്ടയം: നാട്ടിലെ റോഡിലാകെ ജലനിധി കുഴി. കുഴിയില്‍ ചാടി നടുവൊടിഞ്ഞ നാട്ടുകാര്‍ ഒടുവില്‍ സഹികെട്ട് റോഡിലെ കുഴികള്‍ അടച്ചു. മണര്‍കാട് പഞ്ചായത്തിലെ കോട്ടമുറി-പായിപ്രപടി റോഡിലെ കുഴികളാണു നാട്ടുകാരുടെയും കോട്ടമുറി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അടച്ചത്. മണര്‍കാട് – തിരുവഞ്ചൂര്‍ റോഡില്‍ നിന്നുള്ള ഇടറോഡാണ് ഇതെങ്കിലും കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്ന റോഡാണിത്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതിലെ കടന്നുപോകുന്നത്.
മാസങ്ങള്‍ക്കു മുമ്പാണ് ജലനിധി പദ്ധതിക്കായി റോഡ് കുഴിച്ചത്. റോഡിന്റെ ഒരു വശത്തുകൂടെ പൈപ്പ് ഇട്ടതിനൊപ്പം, വീടുകളിലേക്കു കണക്ഷന്‍ നല്‍കാന്‍ തുടര്‍ച്ചയായി റോഡ് കുറുകെ മുറിച്ചതും പ്രദേശവാസികള്‍ക്കു ദുരിമായി. വലിയ കട്ടിങ്ങുകള്‍ രൂപപ്പെട്ടതോടെ ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. ഇതിനുപുറമേ പൊടിശല്യവും രൂക്ഷമായി. പൈപ്പിട്ടെങ്കിലും കുടിവെള്ളത്തെക്കാള്‍ കൂടൂതല്‍ വന്നത് കാറ്റുമാത്രമാണെന്ന ആക്ഷേപവുമുണ്ട്.
ദുരിതം വര്‍ധിച്ചതോടെ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതരെയും പഞ്ചായത്ത് മെമ്പറെയും പരാതിയുമായി സമീപിച്ചുവെങ്കിലും കൈയൊഴിഞ്ഞു. വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് അധികൃതരും പരസ്പരം പഴിചാരി രക്ഷപ്പെടാനാണു ശ്രമിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇതിനിടെ റോഡിന്റെ തകര്‍ച്ച വര്‍ധിച്ചുകൊണ്ടിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും പൈപ്പില്‍ വെള്ളം വന്നത് വിരലില്‍ എണ്ണാവുന്ന തവണകള്‍ മാത്രമായതോടെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായി.
ഒടുവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്‍തുണയില്ലാതെ നാട്ടുകാരും കോട്ടമുറിയിലെ ഓട്ടോഡ്രൈവര്‍മാരും റെസിഡന്റസ് അസോസിയേഷനും മുന്‍കൈയെടുത്ത് ഇന്നലെ റോഡ് നന്നാക്കുകയായിരുന്നു. ശിവശക്തി കണ്‍സ്ട്രക്ഷന്‍സ് തങ്ങളുടെ ജോലിക്കാരെയും ടാറിങ്ങിന് ആവശ്യമായ ടാറും ചിപ്‌സും മറ്റ് അനുബന്ധ സാധനങ്ങളും നല്‍കി. അങ്ങനെ, നാട്ടിലെ യുവാക്കളുടെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ അടച്ചു. പൈപ്പിടാന്‍ റോഡിന് കുറുകെ വെട്ടിപ്പൊളിച്ചപ്പോള്‍ ഉണ്ടായ കുഴികളാണ് ഇവര്‍ അടച്ചത്. എന്നാല്‍ ഇതിന് പുറമേ റോഡില്‍ നിരവധി കുഴികള്‍ വേറെയുമുണ്ട്. കോട്ടമുറി-പായിപ്രപടി റോഡില്‍ നൊടുവൊടിയാതെ യാത്രചെയ്യാന്‍ വേണ്ടനടപടി അധികൃതരുടെ ഭാ?ഗത്തുനിന്നുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.