IndiaNEWS

ഹിമാചലില്‍ കാറപകടത്തില്‍ കാണാതായ സംവിധായകന്റെ മൃതദേഹം നദിയില്‍നിന്ന് കണ്ടെത്തി

ചെന്നൈ: ഹിമാചല്‍പ്രദേശിലെ സത്ലജ് നദിയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ചെന്നൈ മുന്‍ മേയര്‍ സൈദൈ ദുരൈസാമിയുടെ മകനും സംവിധായകനുമായ വെട്രി ദുരൈസാമി (45) യുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ചയായി തിരച്ചില്‍ തുടരുന്നതിനിടെ തിങ്കളാഴ്ച നദിയില്‍നിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയായാല്‍ കുടുംബത്തിന് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.

Signature-ad

അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട വെട്രിയുടെ സുഹൃത്ത് ഗോപിനാഥിനെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു. ഈ മാസം നാലിനാണ് വെട്രി ദുരൈസാമി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കഷാംഗ് നലയില്‍ തീരദേശ ഹൈവേയിലൂടെ സഞ്ചരിക്കവെ കാര്‍ സത്ലജ് നദിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ മരിക്കുകയും ഒപ്പമുണ്ടായ തിരുപ്പൂര്‍ സ്വദേശി ഗോപിനാഥിനെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ദുരന്തനിവാരണ സേനയും ഉള്‍പ്പെടെയുള്ള സംഘം തിരച്ചില്‍ നടത്തിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്താനായത്. സിനിമ സംവിധായകനായ വെട്രി ഒരു ഷൂട്ടിങ് സംഘത്തിനൊപ്പമാണ് ഹിമാചലില്‍ എത്തിയിരുന്നത്. 2021-ല്‍ വെട്രി സംവിധാനംചെയ്ത തമിഴ് ചിത്രമായ ‘എന്‍ട്രാവത് ഒരു നാള്‍’ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Back to top button
error: