
ആലപ്പുഴ: വാടകയ്ക്കെടുത്ത കാറുകള്‍ മറിച്ചുവിറ്റ കേസിലെ പ്രതി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. പുതുവര്‍ഷാഘോഷത്തിനു ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. തൃക്കുന്നപ്പുഴ മാധവമന്ദിരം നിര്‍മല്‍ മാധവ് (32) പിടിയിലായത്.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിമാനത്താവളം അധികൃതര്‍ നിര്‍മല്‍ മാധവിനെ തടഞ്ഞുവെച്ചത്. തൃക്കുന്നപ്പുഴ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ രതീഷ് ബാബുവിന്റെ നേതൃത്വത്തിലെ പോലീസ് സംഘം ബെംഗളൂരുവിലെത്തി ഇയാളെ അറസ്റ്റുചെയ്തു. ഹരിപ്പാട് കോടതി പ്രതിയെ റിമാന്‍ഡുചെയ്തു.
തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നോവ, സ്വിഫ്റ്റ് കാറുകള്‍ തട്ടിയെടുത്ത കേസാണ് നിര്‍മല്‍ മാധവിന്റെ പേരിലുള്ളത്. വാടകയ്ക്കെടുത്തശേഷം മറിച്ചുവില്ക്കുകയായിരുന്നെന്നു പോലീസ് പറയുന്നു. അമ്പലപ്പുഴ സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ട്. വധശ്രമക്കേസിലെ പ്രതിയെ സഹായിച്ചതിനാണിത്. മലപ്പുറം മേലുകാവ് പോലീസ് സ്റ്റേഷന്‍പരിധിയില്‍ തട്ടിക്കൊണ്ടുപോകല്‍ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായി തൃക്കുന്നപ്പുഴ പോലീസ് പറയുന്നു.






