NEWSWorld

ഭീകരന്‍ ഹഫീസ് സയിദിന്റെ മകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; ചിഹ്നം കസേര

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും യുഎന്‍ പ്രഖ്യാപിച്ച ഭീകരനുമായ ഹാഫിസ് സയിദിന്റെ മകന്‍ പാകിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ മര്‍കസി മുസ്ലീം ലീഗ് (പിഎംഎംഎല്‍) സ്ഥാനാര്‍ഥിയായാണ് മത്സരിക്കുകയെന്ന് പാക് ഇംഗ്ലീഷ് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാനിലെ ഓരോ ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലേക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ് ദേശീയ അസംബ്ലി മണ്ഡലമായ NA-127, ലാഹോറില്‍ നിന്നായിരിക്കും ജനവിധി തേടുക. യുഎന്‍ പ്രഖ്യാപിച്ച ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ (എല്‍ഇടി) സ്ഥാപകനായ ഹാഫിസ് സയിദ് നിരവധി തീവ്രവാദ ധനസഹായ കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2019 മുതല്‍ ജയിലില്‍ കഴിയുകയാണ്.

Signature-ad

സയിദിന് അമേരിക്ക 10 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കറെ തൊയ്ബയുടെ (എല്‍ഇടി) മാതൃസംഘടനയാണ് ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള നിരോധിത ജമാഅത്ത് ഉദ് ദവ (ജെയുഡി).

കസേരയാണ് പിഎംഎംഎല്ലിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. ദേശീയ, പ്രവിശ്യാ അസംബ്ലി സീറ്റുകളില്‍ മിക്കയിടത്തും പാര്‍ട്ടി മത്സരിക്കുന്നുണ്ടെന്ന് പി എംഎംഎല്‍ പ്രസിഡന്റ് ഖാലിദ് മസൂദ് സിന്ധു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അഴിമതി തുടച്ച് നീക്കാനും ജനങ്ങളെ സേവിക്കാനും പാക്കിസ്ഥാനെ ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കാനുമാണ് മത്സരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഖാലിദ് മസൂദ് സന്ധു മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ NA-130 ലാഹോറില്‍ മത്സരിക്കും. ഹാഫിസ് സയീദുമായോ അദ്ദേഹത്തിന്റെ സംഘടനയുമായോ പിഎംഎംഎല്ലിന് ബന്ധമില്ലെന്ന് സന്ധു വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പാര്‍ട്ടിക്ക് ഹാഫിസ് സയീദിന്റെ പിന്തുണയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

Back to top button
error: