ന്യൂഡല്‍ഹി: ദരിദ്രരേയും നിരാലംബരേയും സഹായിക്കുന്നതില്‍ മുന്‍പന്തിയിലുള്ള സമൂഹമാണ് ക്രൈസ്തവരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വസതിയിലെ ക്രിസ്മസ് വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന് വേണ്ടി ക്രൈസ്തവ സമൂഹം നല്‍കിയ സംഭാവനകളെ അഭിനന്ദിച്ച അദ്ദേഹം, അവ അഭിമാനത്തോടെ സ്മരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
വികസനം എല്ലാവരിലും എത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ക്രൈസ്തവരിലെ പാവപ്പെട്ടവരും നിരാലംബരും അതിന്റെ ഗുണഭോക്താക്കളാണെന്ന് ഉറപ്പിക്കും. ക്രൈസ്തവ സമൂഹത്തിലുള്ളവരുമായി തനിക്ക് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്ഥിരമായി മതനേതാക്കളുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പോപ്പുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു. സാമൂഹിക ഐക്യം, ആഗോള സാഹോദര്യം, കാലാവസ്ഥ വ്യതിയാനം, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനം എന്നി വിഷയങ്ങളിലൂന്നി, ലോകത്തെ മെച്ചപ്പെട്ട ഇടമാക്കി തീര്‍ക്കുന്നതിനെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം അവസാനമോ 2025 ആദ്യമോ മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന, എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുന്ന സമൂഹത്തിന് വേണ്ടിയായിരുന്നു ക്രിസ്തു പ്രവര്‍ത്തിച്ചത്. ഇത് രാജ്യത്തിന്റെ വികസനത്തിന് മാര്‍ഗദീപമായിരുന്നു” – പ്രധാനമന്ത്രി പറഞ്ഞു.
കര്‍ദിനാള്‍ ഓസ്വോള്‍ഡ് ഗ്രേഷ്യസ്, ബിഷപ് അനില്‍ കുട്ടോ, ബിഷപ് കുര്യാകോസ് ഭരണികുളങ്ങര, ബിഷപ് പോള്‍ സ്വരൂപ്, ബിഷപ് മാര്‍ അന്റോണിയോസ് ഉള്‍പ്പെടെയുള്ള മതമേലധ്യക്ഷന്മാരും കായികതാരം അഞ്ജു ബോബി ജോര്‍ജുമടക്കം വിരുന്നില്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ വസതിയില്‍ സന്തോഷമുള്ള ക്രിസ്മസായിരുന്നുവെന്ന് വിരുന്നില്‍ പങ്കെടുത്ത അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. കായിക മേഖലയിലെ സാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ കഴിഞ്ഞു. മറ്റു രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, മണിപ്പുര്‍ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നും പങ്കെടുത്തവര്‍ പ്രതികരിച്ചു.