IndiaNEWS

മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്ന് മോദിയുടെ ഉറപ്പ്; മണിപ്പുര്‍ ചര്‍ച്ചയാകാതെ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്

ന്യൂഡല്‍ഹി: ക്രിസ്മസ് ദിനത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മതമേലധ്യക്ഷന്‍മാരും വ്യവസായികളുള്‍പ്പെടെ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. രണ്ട് ബസുകളിലായി അറുപതോളം പേരാണ് പ്രധാനമന്ത്രിയുടെ വിരുന്നിനെത്തിയത്. കേരളത്തിലെ സഭകളുടെ പ്രതിനിധികളും ജോയ് ആലുക്കാസ് ഉള്‍പ്പെടെയുള്ള വ്യവസായികളും വിരുന്നിനെത്തി. കായികതാരം അഞ്ജു ബോബി ജോര്‍ജും പ്രധാനമന്ത്രിയുടെ വസതിയിലെത്തി.

ക്രൈസ്തവര്‍ രാജ്യത്തിനു നല്‍കുന്ന നിസ്തുല സേവനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ ഗുണം എല്ലാവരിലും എത്തിക്കാനാണു ശ്രമം. തുടര്‍വികസനങ്ങള്‍ക്ക് ക്രൈസ്തവ സഭയുടെ പിന്തുണ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2024 പകുതിയോടെയോ 2025 ആദ്യമോ മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്നും മോദി പറഞ്ഞു. വിരുന്ന് വലിയ പ്രതീക്ഷ നല്‍കുന്നതെന്ന് സഭാ പ്രതിനിധികള്‍ പറഞ്ഞു. മണിപ്പുര്‍ വിഷയമോ മറ്റു രാഷ്ട്രീയ കാര്യങ്ങളോ ചര്‍ച്ചയായില്ലെന്നും അവര്‍ അറിയിച്ചു.

Signature-ad

കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര ഉള്‍പ്പെടെയുള്ളവര്‍ വിരുന്നില്‍ പങ്കെടുത്തു. അനില്‍ ആന്റണിയും ടോം വടക്കനും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും വിരുന്നിനെത്തിയിരുന്നു. ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും ക്ഷണം കിട്ടിയതില്‍ സന്തോഷമുണ്ടെന്നുമാണ് വിരുന്നിനെത്തിയവരുടെ ആദ്യ പ്രതികരണം. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് വിവരം.

അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചു. മതമേലധ്യക്ഷന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ക്രിസ്തു നല്‍കിയ ഉപദേശങ്ങള്‍ ഏവരും ജീവിതത്തില്‍ പകര്‍ത്തണമെന്നു പറഞ്ഞ ബിജെപി അധ്യക്ഷന്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന ശേഷമാണ് മടങ്ങിയത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി മോദി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചിരുന്നു.

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിരുന്നൊരുക്കലും പള്ളി സന്ദര്‍ശനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. മണിപ്പുര്‍ കലാപത്തെ തുടര്‍ന്ന് ബിജെപിയില്‍നിന്ന് അകലം പാലിക്കുന്ന ക്രൈസ്തവ വിഭാഗത്തെ കൂടെ നിര്‍ത്താനാണ് ശ്രമമെന്നാണ് വിവരം. കേരളത്തിനു പുറമെ ഗോവ, മഹാരാഷ്ട്ര, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സഭാധ്യക്ഷര്‍ക്കായാണ് വിരുന്നൊരുക്കിയത്.

Back to top button
error: