തിരുവനന്തപുരം: കേരളത്തിലെ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്. എല്ലാ വാഹനങ്ങള്‍ക്കും സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനുള്ള എല്ലാ ശ്രമങ്ങളും മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ മാഗ്മ എച്ച്ഡിഐ ആരംഭിച്ച ഐആര്‍ഡിഎഐ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ ഡ്രൈവിന്റെ ഭാഗമായി നടന്ന വനിതാ മോട്ടോര്‍സൈക്കിള്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
കേരളത്തില്‍ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല. ഇതു വലിയ ഭീഷണിയാണ്. ഇത് പരിഹരിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് എല്ലാ വാഹനങ്ങള്‍ക്കും സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കേണ്ടതിനെക്കുറിച്ചുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു.
ശാക്തീകരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സവിശേഷമായ കാഴ്ചയാണ് വനിതാ മോട്ടോര്‍സൈക്കിള്‍ റാലി നല്‍കുന്നതെന്ന് കമ്പനിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ അമിത് ഭണ്ഡാരി പറഞ്ഞു.