ബംഗളൂരു: ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ സ്‌ക്രീനില്‍ പ്രത്യക്ഷമായത് അശ്ലീല വിഡിയോ ദൃശ്യങ്ങള്‍. ഇതേതുടര്‍ന്നു കര്‍ണാടക ഹൈക്കോടതി വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം താല്‍ക്കാലികമായി നിര്‍ത്തി. തിങ്കളാഴ്ച വൈകിട്ട് സൂം മീറ്റിങ് പ്ലാറ്റ്ഫോമിലാണ് അശ്ലീല വീഡിയോകള്‍ ദൃശ്യമായത്. അജ്ഞാത ഹാക്കര്‍മാരാണു പിന്നിലെന്നാണു സംശയം.
ചൊവ്വാഴ്ച രാവിലെയും ഇത്തരത്തില്‍ ശ്രമമുണ്ടായതോടെ ഓണ്‍ലൈന്‍ വഴിയുള്ള കോടതി നടപടികള്‍ നിര്‍ത്തി. ബംഗളൂരു, ധര്‍വാഡ്, കലബുറഗി ബെഞ്ചുകള്‍ കേസ് പരിഗണിക്കുമ്പോഴായിരുന്നു സംഭവം. സൂമില്‍ ചിലര്‍ അനധികൃതമായി ലോഗിന്‍ ചെയ്‌തെന്നാണ് ആരോപണം.
2021 മേയ് 31 മുതല്‍ കര്‍ണാടക ഹൈക്കോടതി യു ട്യൂബില്‍ ലൈവ് സ്ട്രീമിങ് ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണു നടന്നതെന്നും ചിലര്‍ സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുകയാണെന്നും ചീഫ് ജസ്റ്റിസ് പ്രസന്ന ബി.വരാലെ പറഞ്ഞു. രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ ബംഗളൂരു പൊലീസ് അന്വേഷണം തുടങ്ങി.