കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസില്‍ നാലാം പ്രതി മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കേസില്‍ ഏഴാംപ്രതിയാണു ബിന്ദുലേഖ. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിന്ദുലേഖയെ വിട്ടയച്ചു.
കളമശ്ശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഭര്‍ത്താവിനൊപ്പം ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയാണ് ബിന്ദു ചോദ്യംചെയ്യലിന് ഹാജരായത്. വൈകിട്ട് 4.30വരെ ചോദ്യം ചെയ്യല്‍ നീണ്ടു. മോന്‍സന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ രേഖകള്‍ കാണിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
മോന്‍സനുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നു നടത്തിയിട്ടില്ലെന്നും ആരോടും മോന്‍സനു പണം നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നുമാണു ബിന്ദുലേഖയുടെയും സുരേന്ദ്രന്റെയും മൊഴി. മകളുടെ മുടികൊഴിച്ചില്‍ മാറ്റാനുള്ള ഒറ്റമൂലി ചികിത്സയ്ക്കു വേണ്ടിയാണ് മോന്‍സന്റെ വീട്ടില്‍ പോയിട്ടുള്ളത്. മോന്‍സന്റെ മകള്‍ക്കൊപ്പം വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിട്ടുണ്ട്. അപ്പോള്‍ ബില്‍ തുക കടയില്‍ കൊടുത്തതു ബിന്ദുലേഖയാണെന്നും മൊഴി നല്‍കി. ഈ തുകയാണു പിന്നീടു മോന്‍സന്റെ അക്കൗണ്ടില്‍ നിന്നു ബിന്ദുലേഖയുടെ അക്കൗണ്ടിലേക്കു വന്നതെന്നുമാണ് മൊഴി നല്‍കിയത്.
എന്നാല്‍, സുരേന്ദ്രനും ബിന്ദുലേഖയ്ക്കും മോന്‍സന്റെ സാമ്പത്തികത്തട്ടിപ്പില്‍ പങ്കാളിത്തമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. വിശ്വാസവഞ്ചനയ്ക്കു കൂട്ടുനിന്നതിനും ഗൂഢാലോചനയ്ക്കുമാണു ബിന്ദുലേഖയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡിഐജിയുടെ ഭാര്യയാണെന്നു പറഞ്ഞാണു ബിന്ദുലേഖയെ മറ്റുള്ളവര്‍ക്കു മോന്‍സന്‍ പരിചയപ്പെടുത്തിയിരുന്നതെന്നു ക്രൈംബ്രാഞ്ച് പറയുന്നു. ഇതുകേട്ടു പലരും വിശ്വാസത്തോടെ പണം നിക്ഷേപിക്കാന്‍ തയാറായതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അതേസമയം, ഇതൊന്നും തങ്ങളുടെ അറിവോടെയായിരുന്നില്ലന്ന് ബിന്ദുലേഖയും സുരേന്ദ്രനും പൊലീസിന് മൊഴി. മോന്‍സന് വ്യാജ പുരാവസ്തുക്കള്‍ എത്തിച്ചു നല്‍കിയിരുന്ന കിളിമാനൂര്‍ സ്വദേശി സന്തോഷ് നോട്ടിസ് ലഭിച്ചിട്ടും ഇന്നലെ ചോദ്യംചെയ്യലിനു ഹാജരായില്ല. വീണ്ടും നോട്ടിസ് അയയ്ക്കും.