Breaking NewsLead NewsNEWSNewsthen Specialpolitics

എല്‍ഡിഎഫിനെ പുറത്തുനിര്‍ത്താന്‍ വൈരുധ്യാത്മക സഖ്യമാകാം; കുന്നംകുളത്ത് കോ-ആര്‍-ബി-സ്വ സഖ്യത്തിന് അണിയറ നീക്കം; പാലക്കാട്ടെ രാഷ്ട്രീയ ശത്രു കുന്നംകുളത്തെത്തുമ്പോള്‍ ഭായ് ഭായ്;പാര്‍ട്ടി നേതൃത്വങ്ങള്‍ ആശയക്കുഴപ്പത്തില്‍

തൃശൂര്‍: കേരളരാഷ്ട്രീയത്തില്‍ കുന്നംകുളത്ത് കൗതുകമുള്ള വേറിട്ട ഒരു രാഷ്ട്രീയസഖ്യം ഉടലെടുക്കുന്നു. കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യം പോലെ വ്യത്യസ്തമാര്‍ന്ന ഒരു സഖ്യത്തിന്റെ ചരടുവരികളാണ് കുന്നംകുളം നഗരസഭ പിടിച്ചെടുക്കാനും എല്‍ഡിഎഫിന് വിട്ടുകൊടുക്കാതിരിക്കാനും നടക്കുന്നത്.
യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ആ സഖ്യത്തെ കോ-ആര്‍-ബി-സ്വ സഖ്യമെന്ന് വിളിക്കേണ്ടി വരും. ഇടതുപക്ഷത്തിനിടെ മറുവശത്ത് അണിനിരക്കുന്ന സഖ്യത്തില്‍ കോണ്‍ഗ്രസുണ്ട്, ആര്‍എംപിയുണ്ട്, ബിജെപിയുണ്ട് പിന്നെ ഒരു സ്വതന്ത്രനും – അതാണ് കോ-ആര്‍-ബി-സ്വ സഖ്യം.

 

Signature-ad

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കുന്നംകുളം നഗരസഭയില്‍ ഭരണം പിടിക്കാനുള്ള വഴിതേടി മുന്നണികള്‍ പരക്കം പായുന്ന കാഴ്ചയാണുള്ളത്. ഏറ്റവും വലിയ മുന്നണിയായ എല്‍ ഡി എഫ് ഭരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമ്പോഴും എല്‍ ഡി എഫിനെ അകറ്റി നിര്‍ത്താന്‍ സ്വതന്ത്രയെ മുന്‍നിര്‍ത്തി വിചിത്ര സഖ്യത്തിനുള്ള സാധ്യത തേടുകയാണ് മറ്റു പാര്‍ട്ടികള്‍.

18 സീറ്റുള്ള എല്‍ ഡി എഫാണ് കുന്നംകുളം നഗരസഭയിലെ വലിയ കക്ഷി. കോണ്‍ഗ്രസ് ഒമ്പതും ആര്‍ എം പി നാലും എന്‍ ഡി എ ഏഴും സീറ്റുകളില്‍ ജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രയാണ് വിജയിച്ചത്.

കേവല ഭൂരിപക്ഷമായ ഇരുപതില്ലെങ്കിലും നഗരസഭ ഭരിക്കാനുള്ള നീക്കവുമായി എല്‍ഡി എഫ് മുന്നോട്ട് പോകുമ്പോഴാണ് അത് തടയാനുള്ള ചര്‍ച്ചകള്‍ മറുവശത്ത് തുടങ്ങിയത്.

കാണിപ്പയ്യൂര്‍ വാര്‍ഡില്‍ വിജയിച്ച സ്വതന്ത്രയായ കെ.പി മിനിയെ ചെയര്‍പേഴ്‌സണും ആര്‍എം.പിയിലെ സോമനെ വൈസ് ചെയര്‍മാനും ആക്കി ഭരണം പിടിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

പക്ഷെ ആര്‍എംപിയേയും സ്വതന്ത്രയേയും മാത്രം ചേര്‍ത്തുനിര്‍ത്തി സഖ്യമുണ്ടാക്കിയാല്‍ പോരെന്നും ബി ജെ പിയുമായി കോണ്‍ഗ്രസും ആര്‍ എം പിയും കൈകോര്‍ത്താല്‍ മാത്രമേ ഭരണമെന്ന സ്വപ്‌നം നടക്കൂവെന്നതാണ് സത്യം. ഇടതിനെ അകറ്റാനുള്ള പദ്ധതിക്ക് തടസം നില്‍ക്കുന്നതും ആശയപരമായ ഈ പ്രശ്‌നം തന്നെ.
ഇതിന് നേതൃത്വം പച്ചക്കൊടി കാണിച്ചാല്‍ ഇടംവലം നോക്കാതെ ഇവര്‍ സഖ്യമാകാനാണ് സാധ്യത.
പ്രാദേശിക നേതാക്കളില്‍ ചിലര്‍ക്ക് താത്പര്യമുണ്ടെങ്കിലും സംസ്ഥാന നേതൃത്വം ഇത് അനുവദിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

 

ആര്‍ എം പിയിലെ ഒരു വിഭാഗവും കോണ്‍ഗ്രസിലെ ചില നേതാക്കളുമാണ് സഖ്യ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന.

എന്നാല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിയുന്നതിന് പിന്നാലെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ഭരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് ഇടതു മുന്നണിയുടെ തീരുമാനം. കേരളത്തില്‍ പരസ്യമായി ബി ജെ പിയുടെ വോട്ടുവാങ്ങി കോണ്‍ഗ്രസിന് ഭരിക്കാന്‍ കഴിയുമോ എന്നാണ് സി പി എമ്മിന്റെ ചോദ്യം. അതുകൊണ്ട് കുന്നംകുളത്ത് എല്‍ ഡി എഫ് തന്നെ വരുമെന്നാണ് സി പി എമ്മിന്റെ പ്രാദേശിക നേതാക്കള്‍ പറയുന്നത്.

രാഷ്ട്രീയ മലക്കംമറിച്ചിലിന് ഇത്തവണ കുന്നംകുളം നഗരസഭ വേദിയാകുമോ എന്നറിയാനാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ സഖ്യമോ കൂട്ടുകെട്ടോ നീക്കുപോക്കോ എന്തുവേണമെങ്കിലുമാകാം എന്ന് പറയുന്നവര്‍ അധികം ദൂരെയല്ലാത്ത കുന്നംകുളത്ത് എല്‍ഡിഎഫിനെ അധികാരത്തില്‍ കയറ്റാതിരിക്കാന്‍ പാലക്കാട് ശത്രുപക്ഷത്തു നില്‍ക്കുന്നവരുമായി കുന്നംകുളത്ത് സന്ധി ചെയ്യുമോ എന്നാണ് അറിയേണ്ടത്.

Back to top button
error: